പരവൂർ: ഗൂഗിൾ പേയുടെ പേരിലും ഓഫർ തട്ടിപ്പ് പ്രചരിക്കുന്നു. ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകി.ഗൂഗിൾ പേയുടെ ഒമ്പതാം വാർഷികം പ്രമാണിച്ചുള്ള ഓഫർ എന്ന നിലയിലാണ് വാട്സ് ആപ്പിൽ വ്യാജ ഓഫർ വ്യാപകമായി പ്രചോരത്തിലുള്ളത്. കഴിഞ്ഞ ഒരാഴ്ചയായാണ് ഇത് മിക്ക വാട്സ് ആപ്പ് ഗ്രൂപ്പുകളിലും എത്തിയിട്ടുളത്.
വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഗൂഗിൾ പേ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ 6,000 രൂപ ബാലൻസായി നൽകുന്നു എന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ഞങ്ങൾക്ക് അത് ഇപ്പോൾ ലഭിച്ചു. നിങ്ങൾക്കും കിട്ടിയിട്ടുണ്ടോ എന്ന് നോക്കാനാണ് സന്ദേശത്തിൽ തുടർന്ന് പറയുന്നത്. അത് പരിശോധിക്കാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക എന്ന നിർദേശത്തോടെയാണ് സന്ദേശം അവസാനിക്കുന്നത്.
എന്നാൽ ഇത്തരമൊരു സന്ദേശം വ്യാജമാണെന്ന് ഗൂഗിൾ പേ അധികൃതർ തന്നെ വ്യക്തമാക്കി കഴിഞ്ഞു. പണം അക്കൗണ്ടിലേക്ക് നൽകുന്ന ഒരു ഓഫറും ഗൂഗിൾ പേ നൽകാറില്ലന്നും അധികൃതർ പറഞ്ഞു. ഇത് സംബന്ധിച്ച് സൈബർ പോലീസും ഉപഭോക്താകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
സന്ദേശത്തിൽ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ഫോണിൽ മാൽവെയർ ഇൻസ്റ്റാൾ ആകും. തുടർന്ന് റിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ പൂർണമായും തട്ടിപ്പ് സംഘങ്ങൾ ഞൊടിയിടയിൽ കൈക്കലാക്കും. പിന്നീട് ഇവർ യുപിഐ വഴി തന്നെ നിങ്ങളുടെ പണം തട്ടിയെടുക്കും എന്നാണ് മുന്നറിയിപ്പ്. ചിലപ്പോൾ ബാങ്ക് അക്കൗണ്ടിലെ തുക ഒറ്റയടിക്ക് തന്നെ മുഴുവനായും നഷ്ടമായേക്കാം.
ഗൂഗിൾ പേ ഒരിക്കലും ലിങ്കുകൾ വഴി സമ്മാനം തരില്ലന്നും സൈബർ വിദഗ്ധർ സൂചിപ്പിച്ചു. എന്തെങ്കിലും സമ്മാനങ്ങൾ നൽകുകയാണങ്കിൽ അതിന്റെ അറിയിപ്പ് നോട്ടിഫിക്കേഷൻ ആപ്പിൽ മാത്രമേ വരികയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി. വാട്സ് ആപ്പ് ലിങ്കുകൾ വഴി ഒരിക്കലും അവർ പണം കൊടുക്കില്ല.
- മെസേജ് വന്നാൽ എന്ത് ചെയ്യണം?
ലിങ്കിൽ ക്ലിക്ക് ചെയ്യരുത്. ഫോൺ ഹാക്ക് ചെയ്യപ്പെടും. ആർക്കും ഫോർവേർഡ് ചെയ്യരുത്. അങ്ങനെ ചെയ്താൽ നിങ്ങളുടെ കോൺടാക്ടിലുള്ളവരും വഞ്ചിക്കപ്പെടും. ഫോണിൽ സന്ദേശം വന്നാൽ ഉടൻ ഡിലിറ്റ് ചെയ്യുക. അഥവാ അറിയാതെ ലിങ്കിൽ തെറ്റി ക്ലിക്ക് ചെയ്താൽ ഉടൻ 1930 എന്ന നാഷണൽ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പരിൽ വിളിച്ച് വിവരം അറിയിക്കണം. 2017 സെപ്തംബർ 18 നാണ് രാജ്യത്ത് ഗൂഗിൾ പേ സംവിധാനം ആരംഭിച്ചത്. ഇതിന്റെ ഒമ്പതാം വാർഷികം പ്രമാണിച്ച് 6000 രൂപ ഫ്രീയായി ലഭിക്കുമെന്നുള്ള എന്ന മെസേജ് 100 ശതമാനം തട്ടിപ്പ് ആണെന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി.
