പരവൂർ: റെയിൽവേ യാത്രക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അത്യാധുനിക അതിവേഗ ഐആർസിടിസി വെബ്സൈറ്റ് ഉടൻ യാഥാർഥ്യമാകും. നിലവിലെ പ്ലാറ്റ്ഫോമിലെ സാങ്കേതിക തകരാറുകളും ബുക്കിംഗ് കാലതാമസവും പൂർണമായി പരിഹരിച്ചുകൊണ്ടുള്ള പുതിയ വെബ്സൈറ്റ് ജൂലൈ 15-ഓടെ രാജ്യത്തിന് സമർപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു.
ജയ്പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിനിടയിലാണ് റെയിൽവേ മന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വിദ്യാർഥികൾ ഉന്നയിച്ച പരാതികൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
നിലവിലെ വെബ്സൈറ്റിൽ തത്കാൽ സമയങ്ങളിലുള്ള മന്ദഗതിയിലുള്ള പ്രവർത്തനം, ക്യാപ്ച (Captcha) തെറ്റുന്നതുമൂലമുള്ള പ്രശ്നങ്ങൾ, പെട്ടെന്നുള്ള വെബ്സൈറ്റ് ക്രാഷുകൾ എന്നിവ യാത്രക്കാരെ, പ്രത്യേകിച്ച് വിദ്യാർഥികളെ വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് ചർച്ചയിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതിന് പരിഹാരമായാണ് കൂടുതൽ കാര്യക്ഷമതയുള്ളതും ഉപയോക്തൃ സൗഹൃദവുമായ പുതിയ സംവിധാനം റെയിൽവേ ഒരുക്കുന്നത്.
മിനിറ്റിൽ ഒന്നര ലക്ഷത്തിലധികം ടിക്കറ്റുകൾ ഒരേസമയം ബുക്ക് ചെയ്യാൻ ശേഷിയുള്ള ഈ പുതിയ പ്ലാറ്റ്ഫോം നിലവിൽ വരുന്നതോടെ, രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് യാത്രക്കാരുടെ യാത്രാ ആസൂത്രണം കൂടുതൽ സുഗമവും വേഗതയേറിയതുമായി മാറുമെന്നാണ് റെയിൽവേ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
