നെന്മാറ: കയറാടി കൈതച്ചിറ പ്രദേശത്ത് കഴിഞ് ദിവസം പുലിയിറങ്ങി വളർത്തുനായയെ കൊന്നിട്ട സംഭവത്തെ തുടർന്ന് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട മേഖലകളിൽ നിരീക്ഷണകാമറകൾ സ്ഥാപിച്ചു.
അയിലമുടി മലയുടെ താഴ്വാരം പ്രദേശമായ കൈതച്ചിറയിൽ രണ്ട് വീടുകളിൽ നിന്നുമായും സമീപത്തെ വാഴാഞ്ചേരി ഭാഗത്തെ ഒരു വീട്ടിൽ നിന്നുമായി മൂന്ന് വളർത്തുനായകളെയാണ് കഴിഞ്ഞ ദിവസങ്ങളിലായി പുലിപിടിച്ച് മാംസം കഴിച്ച് ഉപേക്ഷിച്ച നിലയിൽ കണ്ടത്. രാത്രികാലങ്ങളിലാണ് ആക്രമണങ്ങൾ നടന്നതെന്നാണ് നാട്ടുകാർ പറയുന്നത്. വീടുകൾക്ക് സമീപംവരെ വന്യമൃഗമെത്തുന്നതിനാൽ എല്ലാവരും ആശങ്കയിലാണ്.
സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച ജനപ്രതിനിധികൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സംഘടനാ നേതാക്കൾ എന്നിവർ പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കാമറകൾ സ്ഥാപിച്ചത്. കാമറ സ്ഥാപിക്കൽ മാത്രം പോരെന്നും പുലിയെ പിടികൂടുന്നതിനായി അടിയന്തരമായി കൂട് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
