കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഓഡിറ്റിന്റെ തല്‍സ്ഥിതി അറിയിക്കാന്‍ സംസ്ഥാന ഓഡിറ്റ് വിഭാഗം സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കോടതിയില്‍ ഹാജരാകും. വരവ്-ചെലവ് കണക്കുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് കോടതി വിശദമായി പരിശോധിക്കും.
ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റില്‍ ഗുരുതര വീഴ്ചയുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഓണ്‍ലൈന്‍ വഴിപാടുകളുടെയും ഡിജിറ്റല്‍ പണമിടപാടുകളുടെയും കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍ ഉണ്ടെന്നാണ് ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം.43 വര്‍ഷമായിട്ടും ക്ഷേത്രത്തിലെ സ്വര്‍ണം, വെള്ളി തുടങ്ങി വിലപിടിപ്പുള്ള പല വസ്തുക്കളും രജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് നേരത്തെ ഓഡിറ്റ് വിഭാഗം കോടതിയെ അറിച്ചിരുന്നു.
വഴിപാടുകളടക്കം ഡിജിറ്റലൈസ് ചെയ്തെങ്കിലും സുതാര്യക്കുറവുണ്ട്. ഓഡിറ്റിംഗിനായി ഇതിന്റെ യൂസര്‍ ഐഡി പാസ്വേഡ് അടക്കമുള്ള വിവരങ്ങള്‍ ദേവസ്വം ബോര്‍ഡ് നല്‍കിയില്ലെന്നും ഓഡിറ്റ് വിഭാഗം ആരോപിച്ചിരുന്നു.
2011-12 മുതല്‍ 2019-20 വരെയുള്ള 54.59 കോടിയുടെ ഇടപാടുകളില്‍ ഓഡിറ്റ് വിഭാഗം ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയാണ് കോടതിയില്‍ സത്യവാഗ്മൂലം സമര്‍പ്പിച്ചത്. 107.92 കോടിയുടെ നഷ്ടമുണ്ടായതായും സത്യവാഗ്മൂലത്തില്‍ പറയുന്നുണ്ട്.
സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കണമെന്ന് പറഞ്ഞ കോടതി, നിലവിലെ ഓഡിറ്റിന്റെ സ്ഥിതി അറിയിക്കാന്‍ സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.സിഎജിയുടെ കീഴിലുള്ള പ്രന്‍സിപ്പല്‍ അക്കൗണ്ട് ജനറല്‍ ഓണ്‍ലൈനായും ഹാജരാകണം.
