ചാത്തന്നൂർ: ഓണക്കാലത്ത് കൂടുതൽ അന്തർസംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി. ചെന്നൈ, ബംഗളുരു, മൈസൂരു എന്നിവിടങ്ങളിലേയ്ക്കാണ് പ്രത്യേക ഓണക്കാല സർവീസുകൾ നടത്തുന്നത്. 18 മുതൽ സെപ്റ്റംബർ രണ്ടു വരെയാണ് പ്രത്യേക സർവീസുകൾ. പ്രത്യേക അന്തർസംസ്ഥാന സർവീസുകൾക്ക് ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു.
ഓണത്തോടനുബന്ധിച്ച് കേരളത്തിനകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവരുടെ വർധിച്ചുവരുന്ന തിരക്ക് പരിഗണിച്ചാണ് കെഎസ്ആർടിസി പ്രത്യേക അധിക അന്തർസംസ്ഥാന സർവീസുകൾനടത്തുന്നത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും അധിക സർവീസുകൾ നടത്തും.
ബെംഗളൂരു-കോഴിക്കോട്, ബംഗളൂരു-മലപ്പുറം, ബംഗളൂരു-തൃശൂർ, ബംഗളൂരു-എറണാകുളം, ബംഗളൂരു-ആലപ്പുഴ, ബംഗളൂരു-കൊല്ലം, ബംഗളൂരു-കൊട്ടാരക്കര, ബംഗളൂരു-പുനലൂർ, ബംഗളൂരു-ചേർത്തല, ബംഗളൂരു-ഹരിപ്പാട്, ബംഗളൂരു-കോട്ടയം, ബംഗളൂരു-കണ്ണൂർ, ബംഗളൂരു-പയ്യന്നൂർ, ബംഗളൂരു-കാഞ്ഞങ്ങാട്, മൈസൂരു-കണ്ണൂർ, മൈസൂരു-എറണാകുളം, മൈസൂരു-തൃശൂർ, ബംഗളൂരു-തിരുവനന്തപുരം, ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-എറണാകുളം എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് സർവീസുകൾ. മൾട്ടി ആക്സിൽ എസി, സൂപ്പർ ഡീലക്സ്, സൂപ്പർ ഫാസ്റ്റ് ബസുകളാണ് പ്രത്യേക സർവീസ് നടത്തുന്നത്.
എല്ലാ പ്രത്യേക സർവീസുകൾക്കും ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്. യാത്രക്കാർ www.keralartc.com, Ente KSRTC, Neo OPRS മൊബൈൽ ആപ്പ്, കൂടാതെ സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകൾ വഴിയും മുൻകൂട്ടി www.keralartc.com, Ente KSRTC ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
