ചങ്ങനാശേരി: അനിത എം. കാസിമിന്റെ മട്ടുപ്പാവ് കൃഷി സംസ്ഥാന അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അതിശയിക്കാനില്ല. ഈ മട്ടുപ്പാവില്‍ വിളഞ്ഞു നില്ക്കുന്ന പച്ചക്കറിയിനങ്ങള്‍ കണ്ടാല്‍ ആരുടെയും കണ്ണുകള്‍ കുളിരണിയും. സംസ്ഥാന അവാര്‍ഡ് ഫാത്തിമാപുരം അനിത മന്‍സിലിനെ തേടിയെത്തുമ്പോള്‍ കൃഷിക്കും വാണിജ്യത്തിനും ഖ്യാതികേട്ട ചങ്ങനാശേരിയും അഭിമാനത്തിന്റെ തലപ്പാവണിയുകയാണ്.
കഴിഞ്ഞ പത്ത് വര്ഷത്തിലധികമായാണ് കോവൂര്‍ മലയില്‍ അനിത കാസിം തന്റെ ആറര സെന്റ് സ്ഥലത്തിലുള്ള വീടിന്റെ 1200 ചതുരശ്രയടി മട്ടുപ്പാവിലും ചുറ്റുപാടുകളിലും പച്ചക്കറി കൃഷി നടത്തുന്നത്. പാവല്‍, വെണ്ട, പടവലം, പീച്ചില്‍, വഴുതന, തക്കാളി, കുക്കുമ്പര്‍, ഇരുപത് ഇനം മുളക് തുടങ്ങിവ തുടര്‍ച്ചയായി കൃഷി ചെയ്തുവരുന്നത്.
ശീതകാലസീസണില് പാലക്ക്, ലെറ്റിയൂസ്, കാബേജ്, കോളിഫ്ളവര്‍, കാരറ്റ്, ബീറ്റ്റൂട്ട് എന്നീ ഇനങ്ങളും മല്ലി, പൊതിന, ചേന, കാച്ചില്, ചേമ്പ്, മഞ്ഞള്‍, കസ്തൂരി മഞ്ഞള്‍, ഇഞ്ചി, കൂര്‍ക്ക, മധുരക്കിഴങ്ങ്, കപ്പ തുടങ്ങിയവയും ഈ മട്ടുപ്പാവില്‍ സുലഭമാണ്.
കൂണ്‍ഗ്രാമം പദ്ധതി പ്രകാരം കൃഷിഭവനുമായി സഹകരിച്ച് എണ്‍പതോളം ബെഡുകള്‍ കൃഷി ചെയ്തുവരുന്നു. ഡ്രമ്മുകളില്‍ ഫലവൃക്ഷങ്ങളും വിവിധയിനം പഴവർഗച്ചെടികളും മട്ടുപ്പാവ് കൃഷിയിലെ വിസ്മയക്കാഴ്ചകളാണ്.
വിയറ്റ്നാം ഏര്‍ലി, ജെ-33 തുടങ്ങിയ പ്ലാവിനങ്ങളും റമ്പുട്ടാന്, അബിയു, സപ്പോര്‍ട്ട, സീതപ്പഴം, തെങ്ങ് എന്നിവ നിലത്തും കൃഷി ചെയ്യുന്നുണ്ട്. വിഷരഹിത പച്ചക്കറികള്‍ വീട്ടില്‍ ഉപയോഗിക്കാന്‍ പത്തു ബാഗുകളില്‍ ആരംഭിച്ച കൃഷിയാണ് പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ ആയിരത്തോളം ബാഗിലെത്തി സംസ്ഥാന അവാര്‍ഡ് നേടിയത്. ജൈവരീതിയിലുളള കൃഷിക്കായി എല്ലാ വളങ്ങളും അനിതതന്നെ വീട്ടിൽ തയാറാക്കുകയാണ്. ഒരു കിലോവരെ തൂക്കമുള്ള സിലോപ്യ മത്സ്യങ്ങള്‍ അക്വാപോണിക്സ് രീതിയിലും വളര്‍ത്തുന്നുണ്ട്.
ചങ്ങനാശേരി നഗരസഭാ കൃഷി ഓഫീസര്‍ കെ. ബിജു, ശരത് എന്നിവരുടെ പ്രോത്സാഹനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും അനിതയുടെ കൃഷിക്ക് സഹായകമായി. ഭര്‍ത്താവ് ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനിയറിംഗ് കോളജിലെ ഡീന്‍ ഡോ. കെ.ടി. ഷാനവാസും മക്കളായ ഫാത്തിമയും ആമിനയും അനിതയുടെ കൃഷിക്ക് താങ്ങും തണലുമാണ്.
- ബെന്നി ചിറയില്‍
