കോട്ടയം: മഴമാറി മാനംതെളിഞ്ഞതതോടെ മലരിക്കലിലെ ആമ്പലുകളില്‍ വീണ്ടും പൂവിരിഞ്ഞു തുടങ്ങി.കനത്തമഴയും വെള്ളപ്പൊക്കവും മൂലം ഒരാഴ്ചയോളം ആമ്പല്‍പാടം വെള്ളത്തിലായിരുന്നു. ഇതോടെ സഞ്ചാരികള്‍ എത്തിയിരുന്നില്ല. മഴ മാറി വെള്ളം പൂര്‍ണായും ഇറങ്ങിയതോടെ ആമ്പല്‍ വസന്തം കാണാന്‍ ആളുകളും എത്തിത്തുടങ്ങി.
അവധി ദിവസങ്ങളിലാണ് ആളുകള്‍ ഏറെ എത്തുന്നത്. പുലര്‍ച്ചെ 5.30ന് ആളുകള്‍ എത്തിത്തുടങ്ങും. ആറോടെ വള്ളങ്ങള്‍ സഞ്ചാരികളുമായി ആമ്പല്‍ പാടങ്ങളിലേക്ക് യാത്ര തിരിക്കും. 10 വരെയാണു പൂവിരിഞ്ഞു നില്‍ക്കുന്നത്. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നും കോഴിക്കോട്, തൃശൂര്‍, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്നിന്നുമെല്ലാം ആളുകള്‍ എത്തുന്നുണ്ട്.
സഞ്ചാരികളെ ആമ്പല്പാടങ്ങളിലേക്കു കൊണ്ടുപോകാന്‍ 200ല്‍പ്പരം വള്ളങ്ങളാണുള്ളത്. സഞ്ചാരികള്‍ എത്താന്‍ തുടങ്ങിയതോടെ വള്ളം ഉടമകളും സന്തോഷത്തിലാണ്. കുറ്റിത്താറാടി, വേങ്കടത്ത്, മലരിക്കല്‍ കടവുകളില്നിന്നാണു വള്ളം പോകുന്നത്. മീന്‍ പിടിത്തത്തിനുപയോഗിക്കുന്ന എന്ജിന് ബോട്ടുകളാണ് ഉപയോഗിക്കുന്നത്.
അരമണിക്കൂര്‍ വള്ളത്തില്‍ യാത്ര ചെയ്യാന്‍ ആറുപേരടങ്ങുന്ന സംഘത്തിന് 500 രൂപയാണ് നിരക്ക്. ആമ്പല്‍ പൂ വാങ്ങാന്‍ 50 രൂപ നല്‍കണം. ജെ ബ്ലോക്ക് ഒന്‍പതിനായിരം പാടശേഖരം തുടങ്ങുന്ന ഭാഗത്ത് പാര്‍ക്കിംഗ് സൗകര്യമുണ്ട്. പാര്‍ക്കിംഗ് ഫീസ് 30 രൂപ മുതല്‍ 50 രൂപ വരെയാണ്. മഴ മാറിയപ്പോള്‍ തന്നെ ആമ്പല്‍ വസന്തം കാണാനെത്തുന്നവരുടെ വരവും ആരംഭിച്ചെന്ന് വള്ളം ഉടമ സന്തോഷ് ജോസഫ് പറഞ്ഞു.
ചെറിയ കൊതുമ്പുവള്ളങ്ങള്ക്കു പകരം ഫൈബറില്‍ തീര്‍ത്ത വീതിയുള്ള കടല്‍ വള്ളങ്ങളാണ് ഏറെയും. കൂടുതല്‍ ആളുകളെ കയറ്റാനും സുരക്ഷിതമായി യാത്രചെയ്യാനും ഈ വള്ളങ്ങളാണ് അനുയോജ്യമെന്ന് വള്ളം ഉടമകള്‍ പറയുന്നു. സഞ്ചാരികള്‍ക്ക് ലൈഫ് ബോട്ടും ലഭ്യമാണ്.
ആമ്പല്‍ വസന്തം സെപ്റ്റംബര്‍ അവസാനം ഒക്ടോബര്‍ ആദ്യത്തോടെ അവസാനിക്കും. കന്നി അഞ്ചിനാണ് ജെ ബ്ലോക്ക് ഒമ്പതിനായിരം പാടശേഖരത്തില്‍ വെള്ളം വറ്റിക്കലും കൃഷിയിറക്കാനുള്ള ജോലികളും ആരംഭിക്കുന്നത്. മലരിക്കലില്‍ കൃഷിക്കായി മടകെട്ടിത്തുടങ്ങിയിട്ടുണ്ട്. മത്സ്യബന്ധനത്തിനു പോകുന്നവരുടെ വള്ളങ്ങളും കര്‍ഷകരുടെ വള്ളങ്ങളുമാണ് ഇവിടെയുള്ളത്. ആമ്പല്‍ സീസണ് ആരംഭിച്ചാല്‍ പ്രതിമാസം 30,000 രൂപവരെ വരുമാനമായി വള്ളക്കാര്‍ക്ക് ലഭിക്കും.
