മഞ്ചേശ്വരം: തലപ്പാടി മത്സ്യ മാർക്കറ്റിൽ കടയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ മത്സ്യവും പണവും കവർന്നു. മഞ്ചേശ്വരം ഹൊസബെട്ടു സ്വദേശി അബ്ദുറഹ്മാനും സുഹൃത്തുക്കളും ചേർന്ന് നടത്തിവരുന്ന കടയിലാണ് മോഷണം. ബുധനാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഫ്രീസറുകളിൽ ഫൈബർ ബോക്സിനകത്ത് സൂക്ഷിച്ചിരുന്ന 1.30 ലക്ഷം രൂപ വിലമതിക്കുന്ന മത്സ്യമാണ് മോഷ്ടാക്കൾ അടിച്ചോണ്ട് പോയത്.
മോഷ്ടാക്കൾ ചാക്കുകളിൽ കെട്ടി ഇരുചക്ര വാഹനത്തിൽ മീൻ കയറ്റിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കുകയും ചെയ്തു.
