തലശേരി: മൊബൈൽ ഫോൺ പിതാവ് പിടിച്ചുവച്ചതിനെ തുടർന്ന് പ്ലസ് ടു വിദ്യാർഥി വീടു വിട്ടിറങ്ങി കാണാതായെന്ന സംഭവത്തിൽ അന്വേഷണത്തിനായി പോലീസ് കാശിയിലേക്ക്. താൻ കാശിയിലേക്ക് പോകുന്നുവെന്ന് കുട്ടി എഴുതിവച്ച കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കാശിയിലേക്കും വ്യാപിപ്പിക്കുന്നത്.
അതേസമയം ചൊക്ലി രാമവിലാസം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയായ കുട്ടിയെ കാണാതായ സംഭവത്തിൽ ദുരൂഹതയും ഏറുന്നു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പ്രദേശത്തെയും പരിസരങ്ങളിലെയും നൂറിലേറെ കേന്ദ്രങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ പരിശോധനയിൽ ഒന്നിൽ പോലും കാണാതായ കുട്ടിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. ഇത് കുട്ടിയുടെ തിരോധാനത്തിൽ കൂടുതൽ ദുരൂഹതയുളവാക്കുകയാണ്.
കരിയാട് പുളിയനമ്പ്രത്തെ ശിവപ്രിയത്തിൽ എ. ജിഗീഷിന്റെ മകൻ ശിവസൂര്യയെയാണ് കഴിഞ്ഞ എട്ടു മുതൽ കാണാതായത്.”ഞാൻ കാശിയിലേക്ക് പോകുന്നു. ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും” എന്ന കുറിപ്പ് എഴുതി വച്ചാണ് ശിവസൂര്യ വീട് വിട്ടത്. എന്നാൽ വീട് വിട്ടിറങ്ങിയ കുട്ടി ഏതു വഴിക്ക് എങ്ങോട്ടുപോയി എന്ന ചോദ്യത്തിന് നാട്ടിലുടനീളമുള്ള സിസിടിവി ദൃശ്യങ്ങൾക്കും ഉത്തരം നൽകാൻ കഴിയാതെ വന്നതോടെയാണ് പോലീസ് അന്വേഷണം മറ്റ് മേഖലകളിലേക്കും വ്യാപിപ്പിച്ചത്.
തലശേരി എഎസ്പി ഡോ. നന്ദഗോപന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് കേസ് അന്വഷിക്കുന്നത്. കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞ ഒരാഴ്ചയായി ലോക്കൽ പോലീസ് നടത്തിയ ശ്രമങ്ങൾ വിജയിക്കാത്തതിനെ തുടർന്ന് സിറ്റി പോലീസ് കമ്മീഷണറാണ് പ്രത്യേക സ്ക്വാഡിന് രൂപം നൽകിയത്.കുട്ടിയെ കണ്ടെത്താൻ പാലക്കാട്, ബംഗളൂരു നഗരങ്ങളിൽ പോലീസ് തെരച്ചിൽ നടത്തുകയും വിവിധ ഭാഷകളിൽ കുട്ടിയുടെ ചിത്രം അടങ്ങിയ നോട്ടീസ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഓൺലൈൻ ഗെയിം പതിവാക്കിയതിനെ തുടർന്നു പിതാവ് മൊബൈൽ ഫോൺ പിടിച്ചുവച്ചതിനെ തുടർന്നാണ് കുറിപ്പെഴുതി വച്ച് വിദ്യാർഥി സ്ഥലം വിട്ടതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയത്.
