2012 ജൂലൈയിൽ പുറത്തിറങ്ങി ആഗോളതലത്തിൽ തരംഗമായി മാറിയ ദക്ഷിണകൊറിയൻ പോപ്പ് ഗായകൻ പിഎസ്വൈയുടെ ‘ഗാങ്നം സ്റ്റൈൽ’ (Gangnam Style) യൂട്യൂബിൽ 600 കോടി (6 Billion) വ്യൂസ് പിന്നിട്ടു. യൂട്യൂബിന്റെ ചരിത്രത്തിൽ ആദ്യമായി 100 കോടി കാഴ്ചക്കാരെ നേടി ചരിത്രം കുറിച്ച ഈ ഗാനം, റിലീസ് ചെയ്ത് 14 വർഷങ്ങൾക്കിപ്പുറവും ജനപ്രിയ വീഡിയോകളുടെ പട്ടികയിൽ മുന്നിലാണ്.
വീഡിയോയുടെ വൻ ജനപ്രീതിക്ക് പിന്നാലെ, ഇതിലൂടെ ഗായകനും നിർമാതാക്കൾക്കും എത്രത്തോളം വരുമാനം ലഭിച്ചിട്ടുണ്ടാകും എന്ന ചർച്ചയും സജീവമാണ്. കൃത്യമായ വരുമാന കണക്കുകൾ പൊതുസമൂഹത്തിന് മുന്നിൽ ലഭ്യമല്ലെങ്കിലും കോടിക്കണക്കിന് ഡോളർ പരസ്യ ഇനത്തിൽ മാത്രം ഈ ഗാനം നേടിക്കൊടുത്തതായാണ് വിലയിരുത്തൽ.
2013 ആരംഭത്തിൽ 120 കോടി (1.2 Billion) വ്യൂസ് ഉള്ളപ്പോൾ ഗാനം 80 ലക്ഷത്തിലധികം ഡോളർ (ഏകദേശം ₹66 കോടിയിലധികം) പരസ്യവരുമാനം ഉണ്ടാക്കിയതായി ഗൂഗിൾ വെളിപ്പെടുത്തിയിരുന്നു.
നിലവിൽ 600 കോടിയിലധികം വ്യൂസുള്ളതിനാൽ, സാധാരണ മ്യൂസിക് വീഡിയോകൾക്ക് ലഭിക്കുന്ന പരസ്യ നിരക്ക് (1,000 വ്യൂസിന് 1 മുതൽ 3 ഡോളർ വരെ) കണക്കാക്കിയാൽ പകർപ്പവകാശ ഉടമകൾക്ക് പരസ്യങ്ങളിൽ നിന്ന് മാത്രം കോടിക്കണക്കിന് ഡോളർ ലഭിച്ചിട്ടുണ്ടാകും.
ആപ്പുകളിലൂടെയുള്ള ഡൗൺലോഡുകൾ, കവർ വേർഷനുകൾക്കും പാരഡികൾക്കുമുള്ള കണ്ടന്റ് ഐഡി വരുമാനം, ലൈസൻസിംഗ്, മറ്റ് ബ്രാൻഡ് പ്രൊമോഷനുകൾ എന്നിവയിലൂടെയും വലിയ തുക ലഭിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് ഇതര ഭാഷയിലുള്ള ഒരു മ്യൂസിക് വീഡിയോയ്ക്ക് ആഗോളതലത്തിൽ എത്രത്തോളം തരംഗമുണ്ടാക്കാൻ സാധിക്കും എന്ന് തെളിയിച്ച ഗാനമാണ് ‘ഗാങ്നം സ്റ്റൈൽ’. ഈ പാട്ടിന്റെ വൻ വിജയം മുൻനിർത്തിയാണ് ബിൽബോർഡ് അവരുടെ റേറ്റിംഗ് ചാർട്ടുകളിൽ യൂട്യൂബ് വ്യൂസും സ്ട്രീമിംഗ് കണക്കുകളും ഉൾപ്പെടുത്തി തുടങ്ങിയത്.
