ഉത്തർപ്രദേശിലെ ലഖ്നൗവിൽ വാഹനം തടയാൻ ശ്രമിച്ച യുവതിയെ കാറിന്റെ ബോണറ്റിൽ കയറ്റി അപകടകരമായ രീതിയിൽ ഓടിച്ചുപോയതായി പരാതി. ഗോമതി നഗറിലെ ജനേശ്വർ മിശ്ര പാർക്കിന് സമീപമാണ് നടുക്കുന്ന സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് ഡ്രൈവറായ ഷാഹ്നവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മറ്റൊരു സ്ത്രീയോടൊപ്പം പാർക്കിലെത്തിയ കാമുകനെ യുവതി ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായത്. വാഹനം നിർത്തി ഓടിപ്പോകാൻ ശ്രമിച്ച കാമുകനെ തടയാൻ നഗ്നപാദയായ യുവതി കാറിന് മുന്നിൽ കയറി നിൽക്കുകയായിരുന്നു. എന്നാൽ, വാഹനം മുന്നോട്ടെടുക്കുകയും യുവതി ബോണറ്റിലേക്ക് വീഴുകയുമായിരുന്നു.
“ഞാൻ മരിക്കില്ല, നിങ്ങൾ എന്തുവേണമെങ്കിലും ചെയ്തോളൂ, കാർ നിർത്തു” എന്ന് യുവതി നിലവിളിച്ചുകൊണ്ട് ബോണറ്റിൽ അടിച്ച് ആക്രോശിക്കുന്നത് പ്രചരിക്കുന്ന വീഡിയോയിൽ കാണാം. തുടർന്ന് കാറിന്റെ വേഗത കൂട്ടിയതോടെ യുവതി റോഡിലേക്ക് തെറിച്ചുവീണു.
പരിക്കേറ്റ യുവതിയെ പ്രദേശവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയിൽ വധശ്രമത്തിന് (BNS 109) കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
