കൊച്ചി: പതിനൊന്നു വര്‍ഷത്തെ വിശ്വസ്ത സേവനത്തിന് ശേഷം കൊച്ചി സിറ്റി പൊലിസിന്റെ ഡോഗ് സ്ക്വാഡില്‍ നിന്ന് വിരമിച്ച സ്നിഫര്‍ ഡോഗ് ലേഖയ്ക്ക് (ബോബി) സ്നേഹനിര്‍ഭരമായ യാത്രയയപ്പ്. തൃപ്പൂണിത്തുറ ഹില്‍പാലസ് എആര്‍ ക്യാമ്പില്‍ നടന്ന ചടങ്ങില്‍ കൊച്ചി സിറ്റി ഡിഎച്ച്ക്യു കമാന്‍ഡന്റ് വി. സുരേഷ് ബാബു ലേഖയെ പൊന്നാടയണിയിച്ചു.
കെ9 ഡോഗ് സ്ക്വാഡിലെ സഹപ്രവര്‍ത്തകരായ സേനാംഗങ്ങള്‍ ലേഖയ്ക്ക് ഔദ്യോഗിക സല്യൂട്ട് നല്‍കിയാണ് യാത്രയയച്ചത്. കെഎപി 1 അസിസ്റ്റന്റ് കമാന്‍ഡന്റ് റോയി, ഡിഎച്ച്ക്യു ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, ലേഖയുടെ ഹാന്‍ഡ്ലര്‍മാരായ എസ്പിഒമാരായ പി.ആര്. റിജു, നിഖില്‍ സേവ്യര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രായാധിക്യത്തെ തുടര്‍ന്നാണ് ലേഖ സര്‍വീസില്‍ നിന്ന് വിരമിച്ചത്. ഇനി തൃശൂര്‍ കേരള പൊലീസ് അക്കാദമിയിലെ റിട്ടയര്‍മെന്റ് ഹോമായ ‘വിശ്രാന്തി’യിലാണ് ലേഖയുടെ തുടര്‍ജീവിതം.
ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ലേഖ വിവിഐപി സന്ദര്ശനങ്ങളിലെ അതീവ സുരക്ഷാ പരിശോധനകളില്‍ നിര്‍ണായക ചുമതലകള്‍ വഹിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന നിരവധി വിവിഐപി ഡ്യൂട്ടികളിലും എക്സ്പ്ലോസീവ് ഡിറ്റക്ഷന്‍ വിഭാഗത്തിലും ലേഖ സുരക്ഷാ ചുമതല നിര്‍വഹിച്ചിട്ടുണ്ട്. പതിനൊന്നുവര്‍ഷത്തെ സമര്‍പ്പിത സേവനത്തിനൊടുവില്‍ സഹപ്രവര്‍ത്തകരുടെ സ്നേഹവും ആദരവും ഏറ്റുവാങ്ങിയാണ് ലേഖ ഔദ്യോഗിക ജീവിതത്തോട് വിട പറഞ്ഞത്.
