കൊച്ചി: മൂന്നുപേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശേരിയിലെ മിനി കൂപ്പര്‍ അപകടക്കേസിലെ ഒന്നാംപ്രതി സുഹൈല്‍ സജീവും മൂന്നാംപ്രതി ജോയല്‍ എസ്. ആന്റോയും ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്കി. ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് നവംബര്‍ ആറിന് പരിണിക്കാന്‍ മാറ്റി.
അങ്കമാലി മജിസ്ട്രേറ്റ് കോടതി, എറണാകുളം സെഷന്‍സ് കോടതി എന്നിവ നേരത്തേ ജാമ്യഹര്‍ജികള്‍ തള്ളിയിരുന്നു. അപകടസമയത്ത് ഇവരോടൊപ്പം കാറിലുണ്ടായിരുന്ന രണ്ടും നാലും പ്രതികളായ നിനവ്, അമീര്‍ എന്നിവരുടെ ജാമ്യഹര്‍ജികളും സെഷന്‍സ് കോടതി തള്ളിയിരുന്നു.
അപകടം നടന്ന കഴിഞ്ഞ 11 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും തുടര്‍ച്ചയായ ജയില്‍വാസം തന്റെ പഠനത്തെ ബാധിക്കുമെന്നും ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സുഹൈലിന്റെ ഹര്‍ജി.
വാഹനത്തിന്റെ പിന്‍സീറ്റിലിരുന്ന താന്‍ ഡ്രൈവര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കുകയോ അമിതവേഗത്തില്‍ പോകാന്‍ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ജോയലിന്റെ വാദം. അനാവശ്യമായാണു തന്നെ പ്രതി ചേര്‍ത്തത്.
മദ്യപിച്ചുവെന്ന ആരോപണം തെളിയിക്കാന്‍ തന്റെ രക്തപരിശോധന നടത്തിയിട്ടില്ലെന്നും പറയുന്നു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകള്‍ നശിപ്പിക്കാനോ ശ്രമിക്കില്ലെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
