ടെഹ്റാൻ: ടെഹ്റാനിലുടനീളം ‘ഞങ്ങൾ ട്രംപിനെ വധിക്കും’ എന്ന ചിത്രങ്ങളും ബാനറുകളും സ്ഥാപിച്ച് ഇറാൻ. ടെഹ്റാനിലെ തിരക്കേറിയ എങ്കെലാബ് സ്ക്വയറിൽ ഉയർന്ന കൂറ്റൻ ബിൽബോർഡിൽ തലകുനിച്ച് അഴിക്കുള്ളിൽ നിൽക്കുന്ന നിലയിലാണ് യുഎസ് പ്രസിഡന്റ് ട്രംപിനെ ചിത്രീകരിച്ചിരിക്കുന്നത്. ‘ഞങ്ങൾ ട്രംപിനെ വധിക്കും’ എന്ന മുന്നറിയിപ്പും ഇതിലുണ്ട്.
തൊട്ടടുത്തുള്ള മറ്റൊരു ബിൽബോർഡിൽ ട്രംപിനൊപ്പം യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുടെ ചിത്രങ്ങളാണുള്ളത്.
പശ്ചിമേഷ്യൻ യുദ്ധത്തിന് തിരികൊളുത്തി ഫെബ്രുവരി 28ന് നടന്ന യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധത്തിന് പ്രതികാരം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ ചത്വരത്തിൽ തടിച്ചുകൂടി. ചുവന്ന പതാകകൾ വീശിയും ‘രക്തച്ചൊരിച്ചിലുണ്ടാകും’ എന്നെഴുതിയ ബാനറുകൾ ഉയർത്തിയുമായിരുന്നു പ്രതിഷേധം.
ഇറാനിലെ ഖെഷം ദ്വീപിൽ യുഎസ് വ്യോമാക്രമണം; തിരിച്ചടിക്കുമെന്ന് ഇറാൻ
ടെഹ്റാൻ/ വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി വിതച്ച് ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ഖെഷം ദ്വീപിനു നേരേ അമേരിക്കയുടെ മിന്നലാക്രമണം. അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുന്പാണ് മേഖലയെ വിറപ്പിച്ച വ്യോമാക്രമണം നടന്നത്. മേഖലയിലെ യുഎസ് സൈനികകേന്ദ്രങ്ങൾക്കും വിമാനങ്ങൾക്കും നേരേ ഇറാൻ തൊടുത്തുവിട്ട ഉപരിതല-വ്യോമ മിസൈലുകൾ തകർക്കാനാണ് ഈ പ്രതിരോധ ആക്രമണമെന്ന് യുഎസ് വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, ആക്രമണത്തിന് തൊട്ടുമുമ്പ് ഖെഷം ദ്വീപിനും ഹോർമുസ് കടലിടുക്കിനും മുകളിലായി പറന്ന അമേരിക്കയുടെ എംക്യുഎം-170 ഇനത്തിൽപ്പെട്ട രണ്ട് ഡ്രോണുകളെ വെടിവച്ചിട്ടതായി ഇറാൻ വിപ്ലവഗാർഡ് അറിയിച്ചു. എംക്യു-9 ഇനത്തിൽപ്പെട്ട മറ്റൊരു ഡ്രോണിനെ ഹോർമുസ് കടലിടുക്കിലും വെടിവച്ചിട്ടതായി വിപ്ലവഗാർഡ് വക്താവ് കൂട്ടിച്ചേർത്തു.
ഖെഷം ദ്വീപിനു പുറമേ സമീപപ്രദേശങ്ങളായ ഹെംഗാം ദ്വീപ്, ബന്ദർ അബ്ബാസ് തുറമുഖം എന്നിവിടങ്ങളിലും ശക്തമായ സ്ഫോടനശബ്ദങ്ങൾ കേട്ടതായി ഇറാന്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎസ് സൈനിക നടപടിയെത്തുടർന്ന് രാജ്യാന്തരവിപണിയിൽ അസംസ്കൃത എണ്ണവില വർധിച്ചിട്ടുണ്ട്.
അതേസമയം, അമേരിക്കയുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകാൻ ഇറാനും അവകാശമുണ്ടെന്ന് വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി കാസെം ഘരീബാബാദി പ്രതികരിച്ചു. ശത്രുക്കളുടെ ഏതു തെറ്റായ നീക്കത്തിനും ഭൂമിശാസ്ത്രപരമായ അതിരുകളില്ലാത്തതും അപ്രതീക്ഷിതവുമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫും സൈനികമേധാവി അലി അബ്ദുള്ളാഹിയും മുന്നറിയിപ്പ് നൽകി.
നയതന്ത്ര ചർച്ചകൾ ഊർജിതം
യുദ്ധം ഒഴിവാക്കാനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും ഖത്തറിന്റെയും സൗദി അറേബ്യയുടെയും മധ്യസ്ഥതയിൽ ചർച്ചകൾ സജീവമായി. എന്നാൽ, ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ തങ്ങൾ മുന്നോട്ടുവച്ച ഏഴു വ്യവസ്ഥകളും അമേരിക്ക പൂർണമായും അംഗീകരിക്കണമെന്ന് ഇറേനിയൻ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ മൊഹ്സെൻ റെസായി ആവശ്യപ്പെട്ടു.
ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ ഖത്തർ മധ്യസ്ഥശ്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ എട്ടു ദിവസമായി തുടരുന്ന ചർച്ചയിലെ നിർദേശങ്ങൾ ഇറാനും അമേരിക്കയും പരിശോധിച്ചുവരികയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നയതന്ത്ര ചർച്ചകളെ സ്വാഗതം ചെയ്യുമ്പോഴും സൈനിക നടപടികളിൽനിന്നു പിന്നോട്ടില്ലെന്ന സൂചനയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകുന്നത്. സാഹചര്യം ആവശ്യപ്പെട്ടാൽ കടുത്ത നടപടികളിലേക്കു കടക്കാൻ മടിക്കില്ലെന്ന് അദ്ദേഹം ഫോക്സ് ന്യൂസിനോട് പറഞ്ഞു. ആക്രമണത്തിന് ഒട്ടും തിടുക്കമില്ല. ഇറാനെ സാന്പത്തികമായി തളർത്തി. അവരുടെ ആണവപദ്ധതി സ്ഥിതിചെയ്യുന്ന പിക്ആക്സ് മലയിൽ ചിലപ്പോൾ ആക്രമിച്ചേക്കും. അതിന് ഒരു മണിക്കൂർ മതിയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ആണവ ആക്രമണമുണ്ടായാൽ പ്രതിരോധിക്കേണ്ട വിധത്തെക്കുറിച്ച് ഇറാനിലെ ജനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പും ജാഗ്രതാ നിർദേശങ്ങളും നൽകുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ആക്രമണം സ്ഥിരീകരിച്ച് ട്രംപ്
വാഷിംഗ്ടൺഡിസി: ഇറാനിലെ വ്യോമാക്രമണം സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസിലെ ഖെഷം ദ്വീപിൽ നിർമാണം പൂർത്തിയായ ഇറാൻ വ്യോമപ്രതിരോധ കേന്ദ്രത്തിനു നേരേയാണ് പ്രതിരോധത്തിന്റെ ഭാഗമായി പരിമിതമായ ആക്രമണം നടത്തിയതെന്ന് ട്രംപ് വ്യക്തമാക്കി.
“”അവർ ഒരു വ്യോമപ്രതിരോധ കേന്ദ്രം നിർമിച്ചു. അത് പൂർത്തിയായ ഉടൻതന്നെ ഞങ്ങൾ അതു വളരെ കൃത്യമായി തകർത്തു’’-ഫോക്സ് ന്യൂസിന്റെ പരിപാടിയിൽ സംസാരിക്കവെ ട്രംപ് പറഞ്ഞു.
ഒമാൻ തീരത്ത് കപ്പലാക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
ന്യൂഡൽഹി: ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പലിനു നേർക്കുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം ലിമായ്ക്കു സമീപമായിരുന്നു എംഎസ്വി അൽ ജുസുഫി എന്ന കപ്പൽ ആക്രമിക്കപ്പെട്ടത്. ഗുജറാത്തുകാരനായ ഗാന്ധാർ നഹിം അജിജ് ആണു കൊല്ലപ്പെട്ടത്. യുഎഇയിലെ ഹമരിയ തുറമുഖത്തുനിന്നു ചരക്കുമായി ഗുജറാത്തിലെ പോർബന്തറിലേക്കു പുറപ്പെട്ട കപ്പലാണ്.
കപ്പലിലെ 13 ഇന്ത്യക്കാരെ ഒമാൻ കോസ്റ്റ് രക്ഷപ്പെടുത്തി. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ ആണ് ഇക്കാര്യം അറിയിച്ചത്.
വാണിജ്യ കപ്പലുകൾക്കു നേർക്ക് ആക്രമണം തുടരുന്നതിനെ വിദേശ്യകാര്യ മന്ത്രാലയം അപലപിച്ചു. പശ്ചിമേഷ്യൻ യുദ്ധത്തിൽ 15 കപ്പൽ ജീവനക്കാർ ഉൾപ്പടെ 23 ഇന്ത്യക്കാരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
