മുന്‍ ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം

KNR-FRANCISകണ്ണൂര്‍: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നേരത്തെയുണ്ടായിരുന്ന ജില്ലയിലെ നേതാക്കളില്‍ ഒരു വിഭാഗം കേരള കോണ്‍ഗ്രസ്-എമ്മില്‍നിന്ന് രാജിവച്ച് ഫ്രാന്‍സിസ് ജോര്‍ജ് പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ്-എം  സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ എ.ജെ. ജോസഫ്, മാത്യു കുന്നപ്പള്ളി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.എസ്. സെബാസ്റ്റ്യന്‍, ഡോ. ജോണ്‍ ജോസഫ്, ജോസ് നരിമറ്റം, ബേബി വലിയകുളം, മാത്തുകുട്ടി ജോസ്, കര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഏബ്രഹാം പാരിക്കപ്പള്ളി, കേരളാ വനിതാകോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അന്നമ്മ അഗസ്റ്റിയന്‍, യൂത്ത് ഫ്രണ്ട്-എം സംസ്ഥാന വൈസ് പ്രസിഡന്റ് ജോജി ആനിത്തോട്ടം, പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരായ തോമസ്കുട്ടി തോട്ടത്തില്‍, പി.എസ്. ജോസഫ്, കെ.എ. സാലു, പൗലോസ് തോട്ടുങ്കര, ജയിംസ് ചെറിയാന്‍, ഇരിക്കൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജോയ് പൂവ്വത്തിങ്കല്‍ എന്നിവരാണ് ഫ്രാന്‍സിസ് ജോര്‍ജ് പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ‘

കേരള കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന കുടുംബവാഴ്ചയിലും കര്‍ഷകരുടെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പാര്‍ട്ടി നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ചാണ് കേരള കോണ്‍ഗ്രസ്-എമ്മില്‍നിന്ന് രാജിവയ്ക്കുന്നതെന്ന് എ.ജെ. ജോസഫ്, മാത്യു കുന്നപ്പള്ളി, സി.എസ്. സെബാസ്റ്റിയന്‍, ഡോ. ജോണ്‍ ജോസഫ്, ഏബ്രഹാം പാരിക്കപ്പള്ളി എന്നിവര്‍ കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിനെ ചിലരുടെ അധികാര സ്ഥാനങ്ങള്‍ക്കായി ബിജെപിയുടെ പാളയത്തില്‍ എത്തിക്കാനാണ് നേതൃത്വത്തിന്റെ ശ്രമമെന്ന് ഇവര്‍ കുറ്റപ്പെടുത്തി. ഒന്‍പതിന് എറണാകുളത്ത് ഫ്രാന്‍സിസ് ജോര്‍ജ് വിളിച്ചുചേര്‍ത്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുമെന്നും ഇവര്‍ പറഞ്ഞു.

Related posts