കോട്ടയം: വോട്ടുനിലയില്‍ ബിജെപിക്ക് വ്യക്തമായ മുന്‍തൂക്കമുള്ള എ ക്ലാസ് അസംബ്ലി മണ്ഡലങ്ങളൊന്നും ജില്ലയിലില്ല. കഴിഞ്ഞ നിയമസഭയിലും ലോക്സഭയിലും ബിജെപി ഏറ്റവും കൂടുതൽ വോട്ടുകള്‍ നേടിയത് കാഞ്ഞിരപ്പള്ളിയിലാണ്. പരമാവധി 30,000 നും 35,000നും ഇടയിൽ വോട്ടുകള്‍ നേടാന്‍ ഇവിടെ ബിജെപിക്ക് സാധിക്കും. ബിജെപിക്ക് വോട്ടുബലം ഏറ്റവും കുറവുള്ളത് ചങ്ങനാശേരിയിലാണ്. പതിനയ്യായിരത്തില്‍ താഴെ വോട്ടുകളാണ് ഇവിടെ ലഭിക്കുക. 2021ല്‍ ചങ്ങനാശേരിയില്‍ ബിജെപിയിലെ ജി. രാമന്നായര് നേടിയത് 14,491 വോട്ടുകള്‍.
സിപിഎം പരമ്പരാഗത വോട്ടുകളില്‍ വിള്ളലുണ്ടാക്കി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിലെ തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് സാമുദായിക വോട്ടുകള്‍ പിടിച്ചെടുത്തത് കേരള കോണ്‍ഗ്രസ്-എമ്മിലും എല്‍ഡിഎഫിലും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഏറ്റുമാനൂരില്‍ തുഷാര്‍ 24,412, കോട്ടയത്ത് 24,214, വൈക്കത്ത് 27,515, പാലായില്‍ 22,505 വോട്ടുകള്‍ നേടിയിരുന്നു.
മുന്‍ തെരഞ്ഞെടുപ്പുകളില്‍ പൂഞ്ഞാര്‍, വൈക്കം അസംബ്ലി സീറ്റുകളില്‍ ബിഡിജെഎസും മറ്റിടങ്ങളില്‍ ബിജെപിയുമാണു മത്സരിക്കുക. പൂഞ്ഞാറില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിലെ എം.പി. സെന്‍ 2965 വോട്ടുകളേ നേടിയുള്ളൂ. ബിജെപി വോട്ടുകള്‍ അപ്പാടെ പി.സി. ജോര്‍ജിനാണ് ലഭിച്ചത്.
ബിജെപി സ്ഥാനാര്‍ഥികളെ കേന്ദ്രഘടകമാണു പ്രഖ്യാപിക്കുന്നതെങ്കിലും പ്രാദേശിക തലത്തില്‍ സ്ഥാനാര്‍ഥികള്‍ പരിഗണനയിലാണ്. പൂഞ്ഞാര്‍, പാലാ മണ്ഡലങ്ങളില്‍ ക്രൈസ്തവ വിഭാഗത്തില്നിന്നുള്ളവര്ക്കാണ് സാധ്യത. പാലായില്‍ ഷോണ്‍ ജോര്‍ജ് സ്ഥാനാര്‍ഥിയാകുമെന്ന് ധാരണയായിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ പരിഗണിക്കുന്നുണ്ട്.
കഴിഞ്ഞ തവണ അല്‍ഫോന്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയില്‍ 29,157 വോട്ടുകള്‍ (പോള്‍ ചെയ്തതിന്റെ 21.17 ശതമാനം) നേടിയിരുന്നു. ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥിയായി എന്‍. ഹരി, ലിജിന്‍ലാല്‍ എന്നിവരെ പരിഗണിച്ചേക്കാം.
ഏറ്റുമാനൂരില്‍ ബിജെപി സ്ഥാനാര്‍ഥി കഴിഞ്ഞ തവണ ടി.എന്‍. ഹരികുമാറായിരുന്നു. നിലവില്‍ കോട്ടയം നഗരസഭാംഗമാണ്. ഇത്തവണയും ഹരികുമാറിനാണ് സാധ്യത.അതേസമയം പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഏതാനും സീറ്റുകളില്‍ ബിജെപി വിജയസാധ്യത പ്രതീക്ഷിക്കുന്നു. ആലപ്പുഴ ജില്ലയില്‍ കായംകുളം, ഹരിപ്പാട്, ചെങ്ങന്നൂര്‍ മണ്ഡലങ്ങളിലാണ് ശ്രദ്ധ.
ലോക്സഭയില്‍ ഹരിപ്പാട്ടും കായംകുളത്തും ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഹരിപ്പാട് മണ്ഡലത്തില്‍ 1400 വോട്ടുകള്‍ക്കാണ് ശോഭ കോണ്‍ഗ്രസിലെ കെ.സി. വേണുഗോപാലിന് പിന്നിലായത്. പത്തനംതിട്ട ജില്ലയില്‍ ആറന്മുളയും കോന്നിയുമാണ് ബിജെപിയുടെ പ്രതീക്ഷ. മെട്രോ ശ്രീധരന് ഉള്‍പ്പെടെ പ്രമുഖരെയാണ് പരിഗണിക്കുന്നത്.
ആറന്മുളയില് കുമ്മനം രാജശേഖരനെയും പ്രതീക്ഷിക്കുന്നു. കഴിഞ്ഞവട്ടം കെ.സുരേന്ദ്രന് മല്‍സരിച്ച കോന്നിയില്‍ ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് മല്‍സരിച്ചേക്കും. തിരുവല്ലയില്‍ അനൂപ് ആന്റണിയുടെ പേര് സജീവമാണ്. മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ളയ്ക്കും ഇവിടെ സാധ്യതയുണ്ട്. അടൂരില്‍ സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപനാണ് പരിഗണനയില്‍. നിലവില്‍ 25 ശതമാനത്തില്‍ അധികമാണ് പത്തനംതിട്ട ജില്ലയില്‍ ബിജെപിയുടെ വോട്ട് ഓഹരി.
