കാലം മറക്കാത്ത നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു 1987 -ൽ ഇടുക്കി മണ്ഡലത്തിൽ നടന്നത്. ഇടുക്കി മണ്ഡലത്തിലെ തങ്കമണിയിൽ 1986 -ലുണ്ടായ പോലീസ് വെടിവെപ്പും മറ്റു സംഭവവികാസങ്ങളുമാണ് 1987-ൽ നടന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം അന്നത്തെ പ്രതിപക്ഷമായിരുന്ന എൽഡിഎഫിന്റെ തെരഞ്ഞെടുപ്പു വിഷയം.
തങ്കമണി സംഭവത്തെ തുടർന്ന് 1987 – ലെ തെരഞ്ഞെടുപ്പ് ഇടുക്കി നിയമസഭാ മണ്ഡലം സംസ്ഥാനത്ത് തന്നെ ശ്രദ്ധാകേന്ദ്രമായി. കോൺഗ്രസ് (ഐ)യിലെ റോസമ്മ ചാക്കോയെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കി. സിപിഎമ്മിന്റെ സ്ഥാനാർത്ഥി അഡ്വ. മേരി സിറിയക്കായിരുന്നു. സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് പി.പി. സുലൈമാൻ റാവുത്തർ സ്വതന്ത്രനായും മത്സരിച്ചു.
സാമൂഹ്യ നവോത്ഥാന നായകൻമാർ പലരും സുലൈമാൻ റാവുത്തർക്കുവേണ്ടി രംഗത്തിറങ്ങി. ഇതോടെ കോൺഗ്രസും ഉണർന്ന് പ്രവർത്തിച്ചു. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ ഇടപെടലിൽ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ കട്ടപ്പനയിലെത്തിച്ച് പ്രചാരണത്തിനിറക്കി.
തെരഞ്ഞെടുപ്പിൽ റോസമ്മ ചാക്കൊ 34330 വോട്ടു നേടി വിജയിച്ചു. സുലൈമാൻ റാവുത്തർ 32750 വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തിയത് ഇടതു കേന്ദ്രങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. മേരി സിറിയക്കിന് 24529 വോട്ടേ നേടാനായുള്ളു. തങ്കമണി സംഭവം ഉയർത്തിപ്പിടിച്ച് പ്രചാരണം നടത്തിയ ഇടതുപക്ഷം സംസ്ഥാനത്ത് 78 സീറ്റു നേടി അധികാരത്തിലെത്തിയെങ്കിലും ജില്ലയിൽ അഞ്ചിൽ നാലു സീറ്റും യുഡിഎഫ് കരസ്ഥമാക്കി.
തങ്കമണി സംഭവങ്ങളെക്കുറിച്ചന്വേഷിക്കാൻ പ്രഹ്ലാദൻ, ശ്രീദേവി കമ്മീഷനുകളെ നിയോഗിച്ചു. പോലീസുകാർക്കെതിരേ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. എന്നാൽ ഇതോടനുബന്ധിച്ചുണ്ടായ കേസുകളെല്ലാം പിന്നീട് കോടതി തള്ളിക്കളയുകയായിരുന്നു.
