പെണ്‍കുട്ടികളും വനിതകളും മാത്രമല്ല, ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാവുന്നവരില്‍ പുരുഷന്മാരുമുണ്ട്! മീടു കാമ്പയിനിലൂടെ നിര്‍മാതാവിനെതിരെ ഗുരുതര ആരോപണവുമായി യുവനടന്‍

പെണ്‍കുട്ടികളും വനിതകളും മാത്രമല്ല, പുരുഷന്മാരും ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാവുന്നുണ്ട് എന്ന് വെളിപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ബോളിവുഡ് നടന്‍ രാഹുല്‍ രാജ് സിംഗാണ് താന്‍ നേരിട്ട ലൈംഗിക അതിക്രമം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ കത്തി നില്‍ക്കുന്ന മീടു കാമ്പയിനിലൂടെ തന്നെയാണ് താന്‍ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് രാഹുല്‍ രാജ് സിംഗ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ബോളിവുഡിലെ ശക്തനായ നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ മുഷ്താഖ് ഷെയ്ഖിനെതിരെയാണ് വെളിപ്പെടുത്തല്‍. ‘ഞാന്‍ മോഡലിങ് ചെയ്തിരുന്ന കാലത്ത് മുഷ്താഖ് എനിക്കൊരു അവസരം തന്നു. ബോളിവുഡില്‍ അന്ന് വളരെ സ്വാധീനമുള്ള വ്യക്തിയാണ് മുഷ്താഖ്.

ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഫറാ ഖാന്‍, എക്താ കപൂര്‍ എന്നിവരുമായെല്ലാം വളരെ അടുപ്പമുള്ള വ്യക്തിയുമായിരുന്നു. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് വളരെ നല്ല അവസരമായിരിക്കുമെന്ന് കരുതി. എന്നാല്‍ ഓഫര്‍ സ്വീകരിച്ച ശേഷം മുഷ്താഖ് നിരവധി തവണ ഫോണില്‍ വിളിക്കാന്‍ തുടങ്ങി.

ഒരു ദിവസം രാത്രി 11 മണിക്ക് അദ്ദേഹത്തിന്റെ ഒറ്റമുറി വീട്ടിലേയ്ക്ക് ക്ഷണിച്ചു. നീ ആസ്വദിക്കുന്ന ഒരു കാര്യം ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞു. ഞാന്‍ പേടിച്ചു. എന്നാല്‍ അയാള്‍ക്ക് വഴങ്ങിയില്ല. ഇതോടെ അവസരങ്ങള്‍ നഷ്ടമായി.

3-4 ലക്ഷം വരെ പ്രതിഫലം വാങ്ങിയിരുന്ന അവസരങ്ങള്‍ പോയി. ഇപ്പോഴെങ്കിലും സുഹൃത്തുക്കളോടും ആരാധകരോടും ഇത് പറയേണ്ട ബാധ്യതയുണ്ട്. 10 വര്‍ഷം മുന്‍പ് തന്നെ വീട്ടുകാരോട് ഇത് പറഞ്ഞിരുന്നു.’ രാഹുല്‍ പറഞ്ഞു.

Related posts