അവള്‍ അപൂര്‍വ ഇനം വിത്ത്, തുറന്നു പറയാനുള്ള തന്റേടം അവര്‍ക്കുണ്ട് ! ചിന്മയിയെ തെറിയഭിഷേകം ചെയ്തവര്‍ക്ക് ചുട്ട മറുപടിയുമായി ഭര്‍ത്താവ് രാഹുല്‍ രവീന്ദ്രന്‍

സിനിമയിലെ നിരവധി മാന്യന്മാരുടെ മുഖംമൂടികളാണ് അടുത്തിടെ മീടൂ വെളിപ്പെടുത്തലിലൂടെ അഴിഞ്ഞു വീണത്. തമിഴ്‌സിനിമയിലും പ്രകമ്പനം കൊള്ളിക്കുന്ന ഒട്ടനവധി വെളിപ്പെടുത്തലുകള്‍ നടന്നു. കവി വൈരമുത്തു, ഗായകന്‍ കാര്‍ത്തിക് തുടങ്ങി സിനിമയിലെ മുന്‍നിരക്കാര്‍ക്കെതിരായ തുറന്നു പറച്ചിലുകള്‍ വലിയ ഒച്ചപ്പാടുകള്‍ക്കും വഴിവച്ചു. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം വെളിപ്പെടുത്തല്‍ നടത്തിയത് ഗായിക ചിന്മയി ആയിരുന്നു. ചിന്മയിയുടെ ധീരമായ നിലപാടിലെ നിരവധി ആളുകള്‍ പിന്തുണച്ചപ്പോള്‍ ചിലര്‍ അവരെ പുളിച്ച തെറിയാണ് വിളിച്ചത്.

ഇപ്പോഴിതാ ചിന്മയിയുടെ നിലപാടുകളെ പിന്തുണച്ചും ട്രോളിയവര്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടി നല്‍കിയും ഭര്‍ത്താവും സിനിമാ താരവുമായ രാഹുല്‍ രവീന്ദ്രന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്താന്‍ ഭാര്യ കാണിച്ച തന്റേടത്തെ രാഹുല്‍ മനസ് നിറഞ്ഞ് അഭിനന്ദിക്കുകയും ചെയ്തു. ചിന്മയി അപൂര്‍വയിനം വിത്താണെന്നും അതിന്റെ പേരില്‍ വിമര്‍ശിക്കാന്‍ വരുന്നവര്‍ക്ക് വേറെ ജോലിയൊന്നും ഇല്ലാത്തവരാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

‘എന്റെ ട്വിറ്റര്‍ പേജില്‍ വന്നു മോശമായ രീതിയില്‍ കമന്റുകളും വിമര്‍ശനങ്ങള്‍ക്കും നടത്തുന്ന യാതൊരു ജോലിയും ഇല്ലാത്തവരോടുള്ള മറുപടിയാണ് ഈ കുറിപ്പ്. നിങ്ങള്‍ എത്ര ചീത്ത വിളിച്ചിട്ടും കാര്യമില്ല. എന്റെ ഭാര്യ അവള്‍ക്കു നേരിടേണ്ടി വന്ന അതിക്രമങ്ങള്‍ തുറന്നു പറയും. കാരണം അവള്‍ അപൂര്‍വയിനം വിത്താണ്. തുറന്നു പറയാനുള്ള തന്റേടം അവള്‍ക്കുണ്ട്.

നിങ്ങള്‍ അവളെ ചീത്തവിളിക്കുന്നത് ആണെന്ന അഹങ്കാരത്തിന്റെ ധൈര്യത്തിലാണ്. അടുത്തുതന്നെ നിരവധി മാറ്റങ്ങള്‍ നമ്മുടെ സമൂഹത്തില്‍ വന്നു കഴിഞ്ഞു. സ്ത്രീക്കും പുരുഷനും തുല്യനീതി ലഭ്യമാകുന്ന ലോകം വിദൂരമല്ല. ഞാന്‍ വിവാഹം കഴിച്ചതു സ്‌നേഹവും കരുതലുമുള്ള സ്ത്രീയെയാണ്. അതില്‍ എനിക്കു തെറ്റുപറ്റിയിട്ടില്ല. എന്നേക്കാള്‍ കൂടുതല്‍ എന്റെ കാര്യങ്ങള്‍ അവള്‍ ശ്രദ്ധിക്കാറുണ്ട്. ഞാന്‍ സംതൃപ്തനാണ്. അവള്‍ വിവേകമുള്ള സ്ത്രീയാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു”, രാഹുല്‍ ട്വീറ്റ് ചെയ്തു.

പീഡനത്തിനും ലൈംഗിക ചൂഷണത്തിനും ഇരയായ പെണ്‍കുട്ടികളുടെ അനുഭവക്കുറിപ്പുകളായിരുന്നു ചിന്മയി തന്റെ സോഷ്യല്‍മീഡിയയിലൂടെ പുറംലോകത്തെ അറിയിച്ചത്. കവിയും ഗാനരചയിതാവുമായ വൈരമുത്തു, ഗായകന്‍ കാര്‍ത്തിക് എന്നിവര്‍ക്കെതിരേ ചിന്മയി നടത്തിയ വെളിപ്പെടുത്തലുകള്‍ തമിഴകത്തെ പിടിച്ചു കുലുക്കിയിരുന്നു. ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ലസിത് മലിംഗയ്‌ക്കെതിരേയും ചിന്മയി മീടൂ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

Related posts