ഇളമ്പള്ളി: പള്ളിക്കത്തോട് പഞ്ചായത്ത് എട്ടാം വാര്‍ഡ് നിവാസിയായ 93 വയസുള്ള വട്ടക്കുഴി വി.ടി. ആന്റണി സ്ഥാനാര്‍ഥികളുടെ രാഷ്ട്രീയ, ജനാധിപത്യബോധം അളക്കാന്‍ ചോദ്യാവലി തയാറാക്കി. തന്റെ വീട്ടിലെത്തുന്ന സ്ഥാനാര്‍ഥികളോട് ചോദിക്കാന്‍ 15 ചോദ്യങ്ങളാണ് ഇദ്ദേഹം കണ്ടെത്തിയത്. അതില്‍ ഏതെങ്കിലും അഞ്ച് ചോദ്യം ഓരോ സ്ഥാനാര്‍ഥിയോടും ചോദിക്കും. ഉത്തരം തൃപ്തികരമായാല്‍ വോട്ട് ചെയ്യുന്നത് പരിഗണിക്കും.
സ്വന്തം പഞ്ചായത്തിനെക്കുറിച്ചും പഞ്ചായത്ത് ഭരണം, ഗ്രാമസഭ, ത്രിതല പഞ്ചായത്ത് സംവിധാനം നടപ്പാക്കിയ തീയതി, താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ വിദേശനയം എന്നിങ്ങനെ രാഷ്ട്രീയവിജ്ഞാനമാണ് പരീക്ഷിക്കുന്നത്. ഏതെങ്കിലും ചോദ്യത്തിന് കൃത്യമായ ഉത്തരമില്ലെങ്കില്‍ അതുസംബന്ധിച്ച് വിശദമായ മറുപടി അവര്‍ക്ക് നല്‍കിയാണ് മടക്കി അയയ്ക്കുന്നത്.
പഞ്ചായത്ത് എന്ന പേരിനു പിന്നിലെ കാരണം എല്ലാവരോടും ചോദിക്കും. അഞ്ചു പേരുള്ള സമിതിയാണ് ആദ്യകാലത്ത് ഉണ്ടായതെന്നതിനാല്‍ പഞ്ചായത്തായെന്ന് വിശദീകരിച്ച് അതിന്റെ ചരിത്രം 75 വര്‍ഷക്കാലത്തിനിടയില്‍ എല്ലാ തെരഞ്ഞെടുപ്പിലും വോട്ടുചെയ്ത ആന്റണി പറയും. കേരള രൂപവത്കരണത്തിന് മുന്‍പ് തിരുക്കൊച്ചി സംസ്ഥാനത്തെ തെരഞ്ഞെടുപ്പിലും വോട്ടുചെയ്തിട്ടുണ്ട് ഇദ്ദേഹം.
കരമടച്ച രസീതുള്ളവര്ക്കുമാത്രം വോട്ടുണ്ടായിരുന്ന കാലത്തും കൃത്യമായി വോട്ടുചെയ്തു. ചില തെരഞ്ഞെടുപ്പുകളില്‍ മുന്നണികള്‍ക്കായി പ്രചാരണത്തിന് ഓട്ടന്‍തുള്ളലുകള്‍ എഴുതിക്കൊടുത്തിട്ടുണ്ട്. അതുമാത്രമാണ് രാഷ്ട്രീയരംഗത്തെ സംഭാവനകള്‍.
തന്റെ നാടിന്റെ ചരിത്രമുള്‍പ്പെടെ മൂന്നു പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് കര്‍ഷകനായ വി.ടി. ആന്റണി. കൃഷിയോടുള്ള താത്പര്യം, ജീവിതത്തില്‍ തുടരുന്ന നര്‍മം ഇതൊക്കെയാണ് പ്രായമായിട്ടും തന്നെ തളര്ത്താത്തതെന്ന് ഇദ്ദേഹം പറഞ്ഞു. ഇപ്പോഴും വീട്ടുവളപ്പില്‍ കൃഷി നോക്കി നടത്തുന്നതില്‍ സജീവമാണിദ്ദേഹം. ഭാര്യ അച്ചാമ്മയ്ക്കും മക്കള്‍ക്കും കൊച്ചുമക്കള്ക്കുമൊപ്പമാണിദ്ദേഹം കഴിയുന്നത്.
