കാൻചലച്ചിത്രമേളയിൽ ആരാധകരുടെ മനസ് കവർന്ന് ഐശ്വര്യ റായ് ബച്ചൻ, ഫാഷൻ പ്രേമികളുടെ ഇഷ്ടതാരം ഇന്നും ഐശ്വര്യതന്നെയാണ്. 24-ാം തവണയാണ് താരം കാനിലെത്തുന്നത്. ലോറിയൽ പുറത്തിറക്കിയ പോസ്റ്ററുകളിൽ ഐശ്വര്യയുടെ ചിത്രം ഇല്ലാതിരുന്നതോടെ ഇത്തവണ കാനിൽ താരം ഉണ്ടാകില്ലേ എന്ന ആശങ്ക ആരാധകർക്കിടയിൽ പടർന്നിരുന്നു. എന്നാൽ ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു കൊണ്ട് കാൻ റാണി തിരികെയെത്തുന്നു എന്ന കുറിപ്പുകളോടെ ഐശ്വര്യയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്
മനോഹരമായ നീല ഫ്രോക്കിലാണ് ഐശ്വര്യ കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപറ്റിൽ എത്തിയത്. അമിത് അഗര്‍വാള്‍ തയാറാക്കിയ എലഗന്റ് ബ്ലൂ ഗൗണായിരുന്നു ഐശ്വര്യയുടെ ഔട്ട്ഫിറ്റ്. മെര്‍മെയ്ഡ് ഫിനിഷ് നല്കിയ ഗൗണിന് നേര്‍ത്ത ദുപ്പട്ടയും നൽകിയിട്ടുണ്ട്. ലൂസ് കേൾ ഹെയർ സ്റ്റൈൽ. ഗൗണിനൊപ്പം നീല കല്ലു പതിച്ച മാലയാണ് ഐശ്വര്യയുടെ ആക്സസറി.

2002ലാണ് ഐശ്വര്യാ റായ് ആദ്യമായി കാനിലെത്തുന്നത്. ഷാരൂഖ് ഖാനും ഒപ്പമുണ്ടായിരുന്നു. ഇരുവരുടേയും ആദ്യ റെഡ് കാർപ്പറ്റ് പ്രവേശനമായിരുന്നു ഇത്. ദേവ്ദാസ് എന്ന ചിത്രത്തിന്റെ സ്ക്രീനിങ്ങിനോട് അനുബന്ധിച്ചാണ് ഇരുവരും അന്ന് കാനിലെത്തിയത്. നീതാ ലുല്ല ഡിസൈൻ ചെയ്ത മഞ്ഞ സാരി ധരിച്ച് ഷാരൂഖിനും സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിക്കൊപ്പമാണ് താരം അന്ന് റെഡ് കാർപ്പറ്റിലെത്തിയത്.
2003 മുതലാണ് ഐശ്വര്യാ റായ് ലോറിയലുമായി കൈകോർക്കുന്നത്. ലോറിയലിന്റെ ആഗോള ബ്രാൻഡ് അംബാസിഡർ എന്ന നിലയിലാണ് പിന്നീട് ഇങ്ങോട്ട് എല്ലാ വർഷവും ഐശ്വര്യ കാനിലെത്തിയത്. എന്നാൽ ലോറിയൽ ഇത്തവണ പുറത്തിറക്കിയ പ്രൊമോഷണൽ പോസ്റ്ററുകളിൽ ഐശ്വര്യ ഇല്ലാതിരുന്നതോടെയാണ് താരം ഇത്തവണ കാനിലെത്തുമോ എന്ന ആശങ്ക ഉടലെടുത്തത്.
ഐശ്വര്യ റായ് ബച്ചൻ ഇല്ലാത്ത കാൻ ചലച്ചിത്രമേള തങ്ങൾക്കൊരിക്കലും ഒരു ദൃശ്യവിരുന്നാകില്ലെന്നാണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. ആരാധകരെ നിരാശരാക്കാതെ തങ്ങളടെ പ്രതീക്ഷകൾക്കപ്പുറമുള്ള ലുക്കുകളുമായാണ് രാജ്ഞി എത്തിയത്.
