മലന്പുഴ: കനത്തമഴയിലും കാഞ്ഞിരംകടവിൽ കാട്ടാനകൾ എത്തി വൻനാശനഷ്ടമുണ്ടാക്കി. ബുധനാഴ്ച പുലർച്ചെ മൂന്നിന് എത്തിയ രണ്ടു കാട്ടാനകൾ ചൊവ്വല്ലൂർ ഷൈജുവിന്റെ വാഴത്തോട്ടം നശിപ്പിച്ചു. നായ കുരച്ച് ബഹളം വച്ചപ്പോൾ പിതാവിന്റെ സഹോദരപുത്രൻ വിൽസണ്‍ വാതിൽ തുറന്നുനോക്കിയപ്പോഴാണ് കാട്ടാനകൾ വാഴത്തോട്ടം നശിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് ടോർച്ച് അടിച്ചും ബഹളം വച്ചുമാണ് ആനയെ തുരത്തിയത്. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്ത് എത്തുന്പോഴേയ്ക്കും കാട്ടാനകൾ പുഴയിലൂടെ മറുകരയിലേക്കുപോയി. മഴക്കെടുതിയിൽ മലന്പുഴയുടെ പലയിടത്തും വെള്ളംകയറി. ഇതുമൂലം ഗതാഗതതടസവും ജനജീവിതവും ദുരിതത്തിലായി. ആനശല്യം ഒഴിവാക്കാനും വെള്ളം ഒഴുകിപോകാനുമുള്ള സംവിധാനവും എത്രയുംവേഗം ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മഴ കനത്തതോടെ ഡാമിലും ജലനിരപ്പ് ഉയർന്നു ഏതുനിമിഷവും തുറന്നുവിടാവുന്ന സ്ഥിതിയാണ്. കടുക്കാംകുന്നം- നിലന്പതിപാലം റോഡിലും വെള്ളം നിറഞ്ഞൊഴുകിയതോടെ മലന്പുഴ പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. വിനോദസഞ്ചാരികൾ ഉപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യം പുഴയിലൂടെ ഒഴുകിയെത്തി വെള്ളത്തിന്റെ ഒഴുക്കും തടസപ്പെട്ടു.
Read MoreCategory: Palakkad
ലോക റെക്കോർഡിടാൻ ഗുരുവായൂരിൽ 12 മണിക്കൂർ സോപാന സംഗീതയജ്ഞം; ശനിയാഴ്ച രാവിലെ 7 മുതൽ രാത്രി 7 വരെ
ഗുരുവായൂർ:കണ്ണന്റെ തിരുമുറ്റത്ത് 12 മണിക്കൂർ സോപാന സംഗീതയജ്ഞം നടത്തി ലോക റെക്കോർഡിടാൻ ജ്യോതിദാസ് ഗുരുവായൂർ.ശനിയാഴ്ച രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ ക്ഷേത്രനടയിലെ വൈജയന്തി ഹാളിലാണ് യജ്ഞമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒരേ സമയം ഇടയ്ക്ക കൊട്ടിയും പാടിയുമുള്ള സംഗീതയജ്ഞം ഇതുവരേയും ലോകറെക്കോർഡിലിടം പിടിച്ചിട്ടില്ലെന്ന് സംഘാടകർ അവകാശപ്പെട്ടു. ഗുരുവായൂർ ദേവസ്വം വാദ്യവിദ്യാലയം അധ്യാപകനായതിനാൽ ദേവസ്വത്തിന്റെ പിന്തുണയും പരിപാടിക്കുണ്ട്. സോപാന സംഗീതഗുരുകാരണവർ ജനാർദ്ദനൻ നെടുങ്ങാടിയുടെ ശിഷ്യനാണ് ജ്യോതിദാസ്. ശനിയാഴ്ച രാവിലെ ആറരയ്ക്ക് ഭദ്രദീപം തെളിയിച്ചശേഷം ഗുരുദക്ഷിണ സമർപ്പിച്ച് യജ്ഞം ആരംഭിക്കും.യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ പ്രതിനിധികളും നിരീക്ഷകരായി സോപാന സംഗീത ഗുരുക്കൻമാരായ അന്പലപ്പുഴ വിജയകുമാർ,രാകേഷ് കമ്മത്ത് എന്നിവരും ഉണ്ടാകും. പത്രസമ്മേളനത്തിൽ ശശി വാറണാട്ട്,മുരളി പൈക്കാട്ട്, ഇ.രാജു,ബാലൻ വാറണാട്ട്,വേണുഗോപാൽ പാഴൂർ,ടി.യു.വിബീഷ് എന്നിവർ പങ്കെടുത്തു.
Read Moreവോൾവോ ബസിലെ കടത്തിയ പത്തരലക്ഷം കുഴൽപണം പിടികൂടി; ചെന്നൈ സ്വദേശിയായ മുഹമ്മദ് അബ്ദുൾ ഖാദർ അറസ്റ്റിൽ
വാളയാർ: ആഡംബരബസിൽ കടത്തുകയായിരുന്ന പത്തരലക്ഷം രൂപയുടെ കുഴൽപണം വാളയാർ ചെക്ക്പോസ്റ്റിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ സ്വദേശിയായ മുഹമ്മദ് അബ്ദുൾ ഖാദറെ അറസ്റ്റ് ചെയ്തു. ഇന്നു രാവിലെയാണ് സംഭവം. ചെന്നൈയിൽ നിന്നും എറണാകുളത്തേക്ക് വന്ന വോൾവോ ബസിൽ നിന്നുമാണ് കുഴൽപണം പിടികൂടിയത്. കൂടുതൽ അന്വേഷണം നടന്നുവരുന്നു.
Read Moreകോച്ച് ഫാക്ടറിയോടും കേരളത്തിൽ ഓടുന്ന ട്രെയിനുകളോടും റെയിൽവേ അധികൃതർക്ക് അവഗണനയെന്ന് എ. വിജയരാഘവൻ
പാലക്കാട്: കോച്ച് ഫാക്ടറിയോട് മാത്രമല്ല കേരളത്തിൽ ഓടുന്ന ട്രെയിനുകളോടും റെയിൽവേ അധികൃതർക്ക് അവഗണനയാണ്. കേരളത്തിലോടുന്ന ട്രെയിനുകൾ വൈകിപ്പിക്കുന്നത് പകപോക്കലിന്റെ ഭാഗമാണെന്നും എൽഡി എഫ് കണ്‍വീനർ എ വിജയരാഘവൻ പറഞ്ഞു. കഞ്ചിക്കോട് കോച്ച് ഫാക്ടറി നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൽ ഡി എഫ് ആരംഭിക്കുന്ന തുടർ പ്രക്ഷോഭ കണ്വെൻഷൻ പാലക്കാട് ടൗണ്‍ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രെയിനുകൾ അതിർത്തികൾ വരെ കൃത്യസമയം പാലിക്കുന്നുവെങ്കിലും തുടർന്ന് കേരളത്തിലൂടെ സർവ്വീസ് നടത്തുന്പോൾ മണിക്കൂറുകളോളം പിടിച്ചിട്ട് റെയിൽവേ അധികൃതർ വൈകിപ്പിക്കുകയാണ്. കേരളത്തിലെ ജനങ്ങളെ ദ്രോഹിക്കുന്നതിന്റെ മറ്റൊരുദാഹരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ട്രെയിനിന് അനുദിനം വേഗത വർധിപ്പിക്കുന്ന റെയിൽവേ അധികൃതർ കേരളത്തിൽ വേഗത കുറച്ചാണ് ഇപ്പോൾ സർവ്വീസ് നടത്തുന്നതെന്നും. മുപ്പത് കിലോമീറ്റർ ആവറേജ് സ്പീഡിലേക്ക് ട്രയിനിന്റെ വേഗത എത്തി നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോച്ച് ഫാക്ടറി നിർത്തലാക്കുക…
Read Moreകനത്ത മഴയിൽ ചിറ്റൂരിൽ രണ്ടുനില കെട്ടിടത്തിന്റെ മേൽക്കൂരയും ഭിത്തിയും തകർന്നുവീണു; സമീപത്തുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
ചിറ്റൂർ: കനത്ത മഴയിൽ വടക്കത്തറയിൽ രണ്ടുനില കെട്ടിടത്തിന്റെ മേ ൽക്കുരയും ഭിത്തിയും തകർന്നു നിലംപതിച്ചു. സമീപത്തുള്ള തയ്യൽ കടയുടെ മുകളിലാണ് മുകളിലാണ് കെട്ടിടാവശിഷ്ടങ്ങൾ വീണത്. കാലപ്പഴക്കംമൂലം ദുർബലാവസ്ഥയിലായ കെട്ടിടം കുറച്ചുകാലമായി അടച്ചിട്ടിരിക്കുകയായിരുന്നു. ചുമരിന്റെ ഒരുഭാഗം ഇളകുന്നതു ശ്രദ്ധയിൽപ്പെട്ടതോടെ സമീപത്തുള്ള തയ്യൽകടയിലുണ്ടായിരുന്ന ഉപകരണങ്ങൾ മാറ്റിയതിനാൽ ആളപയമോ വസ്തുനാശമോ ഉണ്ടായില്ല. വൈകുന്നേരം വീണ്ടും കെട്ടിടത്തിൽ തകർച്ചയുണ്ടാകുകയായിരുന്നു. അപകടവിവരമറിഞ്ഞ് തഹസിൽ സ്ഥലത്തെത്തി അപകടം സംബന്ധിച്ച് വിവരം ശേഖരിച്ചു. ചിറ്റൂർ കൊടുന്പ് പ്രധാന പാതയായതിനാൽ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി ഗതാഗതം വഴി മാറ്റി വിട്ടിരുന്നു.
Read Moreപിങ്ക് പോലീസ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്നു ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി
പാലക്കാട്: സ്ത്രീകൾ-കുട്ടികൾ-മുതിർന്ന പൗരന്മാർ എന്നിവർ നേരിടുന്ന അതിക്രമങ്ങൾ തടയുന്നതിനുള്ള പിങ്ക് പൊലീസ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി.ശശികുമാർ പറഞ്ഞു. ജില്ലാ ക്രൈംബ്രാഞ്ച്, വനിതാസെൽ, പിങ്ക് പോലീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ ബോധവത്കരണ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിക്രമങ്ങൾ നേരിടുന്നവർക്ക് ഭയരഹിതമായി സംസാരിക്കാനുള്ള ഇടമാണ് പിങ്ക് പൊലീസ് സജ്ജമാക്കുനതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ പിങ്ക് പൊലീസിന്റെ 1515 പട്രോളിങ് ടോൾഫ്രീ സേവനത്തിലൂടെ സുരക്ഷയുറപ്പാക്കണമെന്ന് അധ്യക്ഷപ്രസംഗത്തിൽ വനിതാസെൽ എസ്.ഐ. വി.കെ. ബേബി അറിയിച്ചു. നവമാധ്യമങ്ങളുടെ കടന്ന് വരവോടെ യുവതലമുറ നേരിടുന്ന വെല്ലുവിളികൾ സമൂഹത്തിന്റെ മുഖഛായക്ക് കോട്ടം സൃഷ്ടിച്ചെന്നും സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തിൽ ഓരോരുത്തരും നിയന്ത്രണം ഏർപ്പെടുത്തണമെന്നും എസ്.ഐ വ്യക്തമാക്കി. പരിപാടിയിൽ വനിതാസെൽ ഫാമിലി കൗണ്‍സലർ സുമതി മോഹൻ മുഖ്യപ്രഭാഷണം നടത്തി. പിങ്ക്…
Read Moreനെല്ലിയാമ്പതി റോഡിൽ മരംവീണ് ഗതാഗതതടസം; ഇതുവഴി വന്ന കെ ബാബു എം എൽ എ യും സഹയാത്രികരും ചേർന്ന് മരം നീക്കം ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കി
നെന്മാറ: കനത്ത മഴയിൽ പോത്തുണ്ടി-നെല്ലിയാന്പതി റോഡിൽ മരപ്പാലത്തിനു സമീപം മരം വീണ് ഗതാഗതതടസം. ഇതുവഴി വന്ന കെ ബാബു എം എൽ എ യും കുടുക്കിലകപ്പെട്ടു. നെല്ലിയാന്പതിയിലെ തോട്ടം തൊഴിലാളികളുടെ ധർണ്ണ ഉദ്ഘാടനം ചെയ്ത് പങ്കെടുത്ത് മടങ്ങുന്ന യാത്രയിലാണ് മരം വീണ് ഗതാഗതതടസമുണ്ടായത്. ഇന്നലെ വൈകീട്ടോടെ മഴയിൽ വീണ മരം എം എൽ എ യും സഹയാത്രികരായ പാലക്കാട് ജില്ല പഞ്ചായത്തംഗം യു. അസീസും ഡ്രൈവർ ഹക്കീമും കൂടി ചേർന്ന് വാഹനം കടന്നു പോകുന്ന രീതിയിലാക്കി മരം നീക്കം ചെയ്തു. നെല്ലിയാന്പതിയിൽ കനത്ത മഴയും മൂടൽമഞ്ഞും വാഹനയാത്രയ്ക്ക് ഏറെ ബുദ്ധിമുട്ടാകുന്നുണ്ട്.
Read Moreകനത്ത മഴ: ദുരന്തങ്ങളൊഴിവാക്കാൻ ജില്ലാ കളക്ടർമാർക്ക്സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് പ്രത്യേക നിർദേശങ്ങൾ
തിരുവനന്തപുരം: വെള്ളിയാഴ്ച വരെ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ട് എന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പശ്ചാത്തലത്തിൽ അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ എല്ലാ ജില്ലാ കളക്ടർമാർക്കും സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് നിർദേശം നൽകി. ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാം. ആലപ്പുഴ ജില്ലയ്ക്ക് വടക്കുള്ള ജില്ലകളിലും, മലയോര മേഖലയിലും അതി തീവ്രമായ മഴ ആയിരിക്കുവാന്‍ സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത തുടര്‍ച്ചയായ മഴ മൂലം വര്‍ദ്ധിച്ചതിനാല്‍ പ്രത്യേക ശ്രദ്ധ ഉണ്ടായിരിക്കണമെന്നും നിർദേശിക്കുന്നു. മലയോര മേഖലയിലെ താലൂക്ക് കണ്ട്രോള് റൂമുകള്‍ 24 മണിക്കുറുംവെള്ളിയാഴ്ച വരെ പ്രവര്‍ത്തിപ്പിക്കുക. മഴ ശക്തമായിട്ടുള്ളതും, വെള്ളപ്പൊക്ക സാധ്യതയുള്ളതുമായ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫീസര്‍മാര്‍/തഹസില്‍ദാര്‍മാര്‍ കയ്യില്‍ കരുതുക.…
Read Moreഅതിർത്തി കടന്നെത്തുന്നത് ലക്ഷങ്ങളുടെ കഞ്ചാവ്; ഏജന്റുമാരായി പ്രവർത്തിക്കന്നത് വിദ്യാർഥികളും യുവാക്കളും
ചിറ്റൂർ: അതിർത്തി ചെക്ക്പോസ്റ്റ് വഴി തമിഴ്നാട്ടിൽനിന്നും ഉൗടുവഴികളിലൂടെ കഞ്ചാവ് കടത്തുന്നത് വ്യാപകമായെന്നു പരാതി. എക്സൈസ് റേഞ്ച് ഓഫീസുകളിൽ ജീവനക്കാർ, വാഹനങ്ങൾ എന്നിവയുടെ കുറവും കഞ്ചാവു കടത്തു തടയുന്നതിനു വിഘാതമാകുകയാണ്. പഴനി, പൊള്ളാച്ചി എന്നിവിടങ്ങളിൽനിന്നുള്ള ബസുകളിലൂടെയാണ് കഞ്ചാവു കടത്തുന്നത്. പ്രായം കുറഞ്ഞ യുവാക്കളാണ് ഇതിനു തുനിഞ്ഞിറങ്ങുന്നത്. ചിറ്റൂർ താലൂക്കിന്റെ അതിർത്തി ചെത്ത്പോസ്റ്റിലൂടെ കടത്തുന്ന കഞ്ചാവ് മധ്യകേരളം വരെയെത്തും. തമിഴ്നാട്ടിൽനിന്നും ഇരുചക്രവാഹനം, ടെന്പോ, പെട്ടി ഓട്ടോറിക്ഷ എന്നിവ വഴിയാണ് പ്രധാനമായും കഞ്ചാവ് കടത്തുന്നത്. കഞ്ചാവ് ചില്ലറയായി വില്ക്കുന്നവരുടെ വിവരം നാട്ടുകാർ നല്കിയാലും നടപടിയുണ്ടാകാറില്ലത്രേ. വാഹനസൗകര്യമില്ലാത്തതിനാൽ അധികൃതർക്ക് പലപ്പോഴും സ്ഥലത്തെത്താൻ കഴിയാറില്ലത്രേ. കഴിഞ്ഞമാസം പുതുനഗരം വിരിഞ്ഞപ്പാടത്ത് റെയിൽവേ ട്രാക്കിൽ യുവാവിനെ മരിച്ചനിലയിലും മറ്റൊരാളെ പരിക്കേറ്റ നിലയിലും കണ്ടെത്തി. വിദ്യാർഥിയുടെ വസ്ത്രത്തിൽനിന്നും കഞ്ചാവുപൊതികളും 3000 രൂപയും കണ്ടെത്തിയിരുന്നു.
Read Moreസ്കൂളിൽ പ്രാവിനായി കൂടൊരുക്കി കുട്ടികളും അധ്യാപകരും; അതിഥിയായെത്തിയത് വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങയും
ചിറ്റൂർ: സ്കൂളിൽ അതിഥിയായി എത്തിയ മൂങ്ങക്കുഞ്ഞ് വിദ്യാർഥികൾക്കും അധ്യാപകർക്കും കൗതുക കാഴ്ചയായി. ചിറ്റൂർ ഗവണ്മെന്റ് യുപി സ്കൂളിൽ സ്ഥാപിച്ച കൂട്ടിലേക്കാണ് ക്ഷണിക്കപ്പെടാതെ ഈ അതിഥിയെത്തി താമസം തുടങ്ങിയത്. സ്കൂൾ മതിലിലും കെട്ടിടത്തിന്റെ വിടവുകളിലുമായി തന്പടിച്ചിരുന്ന പ്രാവുകൾക്കായി രണ്ടുദിവസം മുന്‍പ് പ്രധാനാധ്യാപകൻ കെ.രാജാമണിയും പിടിഎ പ്രസിഡന്റുമായ അബ്ദുൾ ഖനിയും ചേർന്നു കൂടൊരുക്കിയിരുന്നു. ഇന്നലെ സ്കൂളിലെത്തിയ വിദ്യാർഥികളാണ് കൂട്ടിൽ മൂങ്ങക്കുഞ്ഞിനെ കണ്ടെത്തിയത്. വലിപ്പം കൂടുന്നതോടെ മൂങ്ങയുടെ ചിറകുകൾക്കു വെള്ളിനിറമാകുമെന്നാണ് പക്ഷിനിരീക്ഷകരുടെ വിലയിരുത്തൽ. പ്രാവുകൾ കൂട്ടിൽ കയറാതായതോടെ മൂങ്ങയെ മറ്റൊരു കൂടൊരുക്കി സംരക്ഷിക്കാനാണ് പ്രധാനാധ്യാപകന്റെയും മറ്റും തീരുമാനം.
Read More