ഇടുക്കി: വീട്ടില്‍ പോയി ചോദിച്ചാമതി എന്ന പരാമര്‍ശത്തിന് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗം. പൊതുയോഗത്തിന് അതിന്റേതായ രീതിയുണ്ട്. പിണറായിയുടെ പരിപാടിയിൽ മര്യാദ പാലിക്കണ്ട എന്നുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
സാധാരണ നമ്മള് ഓരോ ഘട്ടത്തിലും പാലിക്കുന്ന മര്യാദയുണ്ട്. ആ മര്യാദ പാലിക്കാതിരുന്നാല്‍ പ്രതികരണവും അതിനനുസരിച്ച് വരും. ചില ഘട്ടങ്ങളില്‍ ആവേശം കൊള്ളുന്നവരുണ്ടല്ലോ. ആ ആവേശത്തിന്റെ ഭാഗമായി ചോദിക്കുന്ന ചോദ്യമാണ്. അങ്ങനെ ചോദിച്ചാല്‍ കിട്ടുന്ന മറുപടി ഇങ്ങനെയായിരിക്കും
കഴിഞ്ഞ ദിവസം കോന്നിയിൽ നടന്ന പരിപാടിയിലായിരുന്നു സംഭവം. വേദിയിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ സദസിൽ നിന്ന് ഒരു ചോദ്യമുണ്ട് ഒരാൾ പറഞ്ഞു. ഇതോടെ വീട്ടിൽ പോയി ചോദിക്ക് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ ഈ മറുപടിയെ വിമർശിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്ത് എത്തിയിരുന്നു.
പരാജയ ഭീതിയിൽ മുഖ്യമന്ത്രിയുടെ സമനില തെറ്റിയെന്നും കെ.സി.വേണുഗോപാൽ പറഞ്ഞിരുന്നു. സമനില തെറ്റിയത് തനിക്കല്ലെന്നും സമനില തെറ്റുന്നത് ആർക്കെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറ്റത്തരം പരാമര്‍ശത്തിലും മുഖ്യമന്ത്രി വിശദീകരണം നൽകി.
രാഷ്ട്രീയ ചെറ്റത്തരം എന്നാണ് ഉദ്ദേശിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം. താൻ പലപ്പോഴും പറയുന്ന വാക്കാണെന്നും അണ്‍പാര്‍ലമെന്ററി അല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
