കാഞ്ഞങ്ങാട്: അമ്മയ്ക്ക് ചെലവിനു നല്കാത്ത മകന് തടവുശിക്ഷ. മടിക്കൈ കാഞ്ഞിരപ്പൊയില് ചോമംകോട് സ്വദേശിനി ഏലിയാമ്മ ജോസഫിന്റെ പരാതിയില് മകന് മടിക്കൈ മലപ്പച്ചേരിയിലെ പ്രതീഷിനെയാണു ജയിലിലടയ്ക്കാന് ഉത്തരവിട്ടത്.
മാതാപിതാക്കള്ക്ക് ചെലവിനു കൊടുക്കാത്ത കേസില് ഇത്തരമൊരു വിധിയുണ്ടാകുന്നത് അപൂര്വമാണെന്നു നിയമവൃത്തങ്ങള് പറയുന്നു. ആര്ഡിഒ ചുമതല വഹിക്കുന്ന ബിനു ജോസഫ് ആണ് വിധി പുറപ്പെടുവിച്ചത്.ആറുമാസത്തെ കുടിശിക തുകയായ 12,000 രൂപ നല്കുന്ന കാലയളവു വരെ ജയിലില് അടയ്ക്കാനാണ് ഉത്തരവ്.
മാതാപിതാക്കളുടെയും മുതിര്ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 വകുപ്പ് 5 (8), ബിഎന്എസ്എസ് 144 നിയമ പ്രകാരമാണ് ഹൊസ്ദുര്ഗ് സബ് ജയിലില് പാര്പ്പിക്കുന്നതിന് മെയിന്റനന്സ് ട്രൈബ്യൂണല് ആയ ആര്ഡിഒ ഉത്തരവായത്.
ഏലിയാമ്മ നല്കിയ പരാതിയെത്തുടര്ന്ന് പ്രതിമാസം 2000 നല്കാന് മാര്ച്ച് 18ന് ആര്ഡിഒ ഉത്തരവിട്ടിരുന്നു. എന്നാല്, ഈ തുക മകന് നല്കുന്നില്ലെന്നും ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ഏപ്രില് 24ന് ഏലിയാമ്മ ജോസഫ് സമര്പ്പിച്ച പരാതി ഫയലില് സ്വീകരിക്കുകയും തുക 10 ദിവസത്തിനുള്ളില് നല്കണം എന്നാവശ്യപ്പെട്ട് മടിക്കൈ വില്ലേജ് ഓഫീസര് മുഖേന നോട്ടീസ് നല്കുകയും ചെയ്തു.
എന്നാല്, അത് പ്രതീഷ് മടക്കി. 10 ദിവസം കഴിഞ്ഞതിനു ശേഷം മെയിന്റനന്സ് ട്രൈബ്യൂണല് വാറണ്ട് പുറപ്പെടുവിച്ചു. ജൂണ് നാലിനു പ്രതീഷ് ട്രൈബ്യൂണല് മുമ്പാകെ ഹാജരാകുകയും തനിക്ക് പണം നല്കാന് സാധിക്കുകയില്ലെന്നും തന്റെ സഹോദരി അമ്മയെ സംരക്ഷിക്കുന്നില്ലെന്നും ബോധിപ്പിച്ചു.
എന്നാല്, എതിര്കക്ഷിയുടെ സഹോദരിക്കെതിരേ പരാതിയൊന്നും ട്രൈബ്യൂണല് മുമ്പാകെ ലഭിച്ചിരുന്നില്ല. തുടര്ന്ന് ജൂലൈ 10 നു നടന്ന വിചാരണയില് പരാതിക്കാരിയും എതിര്കക്ഷിയും ഹാജരായി. തുക നല്കാന് തയാറല്ലെന്ന് പ്രതീഷ് ആവര്ത്തിച്ചു. ജൂലൈ 31നകം ഒരു ഗഡു സംരക്ഷണത്തുക നല്കേണ്ടതാണെന്നും അല്ലാത്തപക്ഷം ക്രിമിനല് നടപടി സ്വീകരിക്കുമെന്നും ട്രൈബ്യൂണല് മുന്നറിയിപ്പു നല്കി.
തുക നാളിതുവരെ ലഭ്യമാക്കിയിട്ടില്ലെന്നു കാണിച്ച് ഏലിയാമ്മ ഓഗസ്റ്റ് 12നു ട്രൈബ്യൂണല് മുമ്പാകെ വീണ്ടും പരാതി സമര്പ്പിച്ചു. കേസ് 26 ലേക്കു വിചാരണയ്ക്കായി മാറ്റിവയ്ക്കുകയും ചെയ്തു. വിചാരണ വേളയില് പ്രതീഷിനെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്ത് ഹജരാക്കി. വിചാരണ വേളയില് കുടിശിക തുക അടയ്ക്കാന് തയാറല്ലെന്ന് എതിര്കക്ഷി അറിയിച്ചതോടെയാണു ജയിലില് അടയ്ക്കാന് ഉത്തരവായത്.