മഹാമാരി പൊട്ടിപ്പുറപ്പെട്ടത് ചൈനീസ് ലാബില്‍ നിന്നു തന്നെ ? വുഹാന്‍ ലാബിലെ മൂന്ന് ഗവേഷകര്‍ കോവിഡ് വ്യാപനത്തിനു മുമ്പുതന്നെ ചികിത്സ തേടിയെന്ന് റിപ്പോര്‍ട്ട്…

അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആരോപിക്കുന്നതു പോലെ തന്നെ കോവിഡ് വൈറസ് പുറത്തു വന്നത് ചൈനയിലെ വുഹാനില്‍ ലാബില്‍ നിന്നാണെന്ന സംശയം ബലപ്പെടുന്നു.

കോവിഡിനെക്കുറിച്ച് ചൈന സ്ഥിരീകരിക്കുന്നതിനു മാസങ്ങള്‍ക്കു മുമ്പ് 2019 നവംബറില്‍ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്നു ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്.

അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് വാള്‍സ്ട്രീറ്റ് ജേണല്‍ ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.

രോഗബാധിതരായ ഗവേഷണകരുടെ എണ്ണം, രോഗബാധയുണ്ടായ സമയം, ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ വിവരങ്ങള്‍ തുടങ്ങിയവ അടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

വൈറസിന്റെ ഉറവിടം വുഹാനിലെ ലാബാണെന്ന വാദങ്ങള്‍ക്ക് ശക്തിപകരുന്നതാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് അമേരിക്ക ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

രോഗവ്യാപനത്തെക്കുറിച്ച സംശയങ്ങള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ വിദഗ്ധര്‍ നടത്തുന്ന അന്വേഷണവുമായി സഹകരിച്ചു മുമ്പോട്ടു പോവുകയാണെന്ന് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് അറിയിച്ചു.

വൈറസ് ലാബില്‍ നിന്ന് വന്നതല്ലെന്ന വിലയിരുത്തലുമായി ലോകാരോഗ്യ സംഘടന മുമ്പോട്ടു പോകുമ്പോഴാണ് പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നതെന്നത് കൗതുകകരമാണ്.

Related posts

Leave a Comment