അമ്പലപ്പുഴ: ജി. സുധാകരനെ വിജയിപ്പിച്ചത് സിപിഎം വോട്ടുകളോ? 25,000 സിപിഎം വോട്ടുകൾ സുധാകരന് ലഭിച്ചതായാണ് കണക്കുകൂട്ടുന്നത്. വർഗവഞ്ചകനെന്ന് സിപിഎം മുദ്രകുത്തിയ സുധാകരനെ രക്ഷപ്പെടുത്തിയതും സിപിഎം തന്നെ. പാർട്ടിയിലെ താഴെത്തട്ടിലെ പ്രവർത്തകരിൽനിന്ന് വൻതോതിൽ വോട്ട് ചോർച്ചയുണ്ടായതായി സിപി എം വിലയിരുത്തിയിട്ടുണ്ട്.
സിപിഎമ്മിന്റെ സ്ഥാനാർഥിയായി മുൻ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചപ്പോൾ ലഭിക്കാത്ത ഭൂരിപക്ഷമാണ് ഇപ്പോൾ സുധാകരന് ലഭിച്ചിരിക്കുന്നത്. 2011 ൽ 16,580 ഉം 2016ൽ 22,621 ഉം വോട്ടിന്റെ ഭൂരിപക്ഷമാണ് സുധാകരൻ നേടിയത്. ഇതിനെ മറികടക്കുന്ന ഭൂരിപക്ഷമാണ് ഈ തെരഞ്ഞെടുപ്പിൽ നേടിയത്.
യുഡിഎഫിന്റെ വോട്ട് കൊണ്ടുമാത്രം ഇത്രയും ഭൂരിപക്ഷം ലഭിക്കില്ലെന്ന നിഗമനമാണുള്ളത്. മുൻ തെരഞ്ഞെടുപ്പുകളിലും ജി. സുധാകരന് എല്ലാ വിഭാഗത്തിന്റെയും വോട്ട് ലഭിച്ചിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് സിപിഎം വിട്ട് പുറത്തു വന്ന സുധാകരൻ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇരുപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് തെരഞ്ഞെടുപ്പിനുശേഷം സുധാകരൻ വ്യക്തമാക്കിയിരുന്നു.
ഈ നിഗമനം തെറ്റായില്ലെന്ന് ഫലം തെളിയിക്കുകയും ചെയ്തു. നഗരസഭാ വാർഡുകളിൽനിന്ന് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വോട്ട് സുധാകരന് ലഭിച്ചു. എണ്ണായിരത്തിലധികം ഭൂരിപക്ഷമാണ് ഇവിടെനിന്ന് ലഭിച്ചത്.
