കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടില്‍ വിനോദസഞ്ചാരത്തിനായി പോകുന്ന മലയാളികളില്‍ പലരും തങ്ങള്‍ക്ക് തമിഴ്‌നാട്ടിലെ കച്ചവടക്കാരില്‍ നിന്നും മറ്റും നേരിട്ട തട്ടിപ്പിന്റെ കഥകള്‍ പലതവണ പങ്കുവെച്ചിട്ടുണ്ട്.
വരുന്നയാള്‍ മലയാളിയാണെങ്കില്‍ എങ്ങനെയും ഇവരെ ചൂഷണം ചെയ്യണം എന്നു വിചാരിക്കുന്നവരാണ് തമിഴ്‌നാട്ടിലെ പല കച്ചവടക്കാരും. എന്നാല്‍ ഇപ്പോള്‍ കച്ചവടക്കാരുടെ പാത തമിഴ്‌നാട് പോലീസും പിന്തുടരുകയാണെന്ന വിവരമാണ് ലഭിക്കുന്നത്.
പാസുണ്ടെങ്കിലും ഇല്ലാത്ത നിയന്ത്രണങ്ങളുടെ പേരു പറഞ്ഞാണ് തമിഴ്‌നാട് പോലീസ് കേരളത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികളില്‍ നിന്ന് പണം തട്ടുന്നത്. ഇത്തരത്തില്‍ ആയിരക്കണക്കിന് രൂപയാണ് ഇവര്‍ തട്ടിയെടുക്കുന്നത്.
ഇതിനു പുറമെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെന്ന് ഭീഷണിപ്പെടുത്തി പണവും സാധനങ്ങളും തട്ടുന്ന സംഘവും സജ്ജീവമാണ്. ഇതുസംബന്ധിച്ച് മലയാളി കൂട്ടായ്മകള്‍ തമിഴ്‌നാട് സര്‍ക്കാരിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല.
കൊവിഡിനെ തുടര്‍ന്ന് അടച്ച പൂട്ടിയ തമിഴ്‌നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. മലയാളികള്‍ക്ക് ഉള്‍പ്പെടെ ഊട്ടി, കൊടൈക്കനാല്‍, ഗൂഡല്ലൂര്‍, രാമേശ്വരം ഉള്‍പ്പടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്താന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഇ-പാസ് മാത്രമാണ് വേണ്ടത്. ടൂറിസത്തിനായി വരുന്നവര്‍ക്ക് ക്വാറന്റൈനും ഇല്ല.
എന്നാല്‍ പാസുമായി കൊടൈക്കനാലിലെത്തിയപ്പോള്‍ പ്രവേശന കവാടത്തിലെ സ്ഥിതി പഴയതുപോലെയല്ല. കേരളാ രജിസ്‌ട്രേഷനിലുള്ള വണ്ടി കണ്ടാല്‍ പോലീസ് പിടിച്ചിടും. സകല രേഖകളും പരിശോധിക്കും. കൃത്യമായ രേഖകളും പാസ്സും കാണിച്ചാലും അനുമതി നല്‍കില്ല.
ഇരുപത് ദിവസം ക്വാറന്റീന്‍ ഉള്‍പ്പടെ നിര്‍ബന്ധമെന്ന് പറയും. ഒരാള്‍ക്ക് രണ്ടായിരം രൂപ പിഴ ആവശ്യപ്പെടും. പാസ് ഇല്ലെങ്കില്‍ അയ്യായിരം മുതലാണ് പിഴ. ആധികാരിത ചോദിച്ചാല്‍ സ്വരം മാറും. മടിച്ചുനില്ക്കുന്നത് കണ്ടാല്‍ പൊലീസ് പോസ്റ്റിലേക്ക് വിളിപ്പിക്കും.
ഇവിടെ പണം നല്‍കി ചുരം കയറി മുകളില്‍ എത്തിയാല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജനേയാണ് ഭീഷണി.
തിരിച്ചറിയില്‍ രേഖ പോലും ഇല്ലാതെയുള്ള പിടിച്ചുപറി. അതിനാല്‍ തന്നെ തമിഴ്‌നാട്ടിലേക്ക് ടൂറിനായി പോകുന്ന വിനോദസഞ്ചാരികള്‍ ഇക്കാര്യം ഒന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കും.