ലോക്ക്ഡൗണ് മാര്ഗനിര്ദ്ദേശങ്ങള് ലംഘിച്ചെന്നാരോപിച്ച് ജില്ലാ കളക്ടര് യുവാവിന്റെ മുഖത്തടിച്ച സംഭവം വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ സമാനമായ മറ്റൊരു സംഭവം കൂടി പുറത്തു വന്നിരിക്കുകയാണ്.
മധ്യപ്രദേശിലെ ഷാജാപ്പൂര് ജില്ലയിലെ ഡെപ്യൂട്ടി കലക്ടര് മഞജുഷ വിക്രാന്ത് റായ് യുവാവിന്റെ മുഖത്തടിക്കുന്ന വീഡിയോയാണ് ഇപ്പോള് പുറത്തുവന്നിരിക്കുന്നത്.
ലോക്ക്ഡൗണ് കാലയളവില് ചെരുപ്പ് കട തുറന്നതിനാണ് മര്ദ്ദനം. മര്ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിച്ചിരുന്നു. ഡെപ്യൂട്ടി കലക്ടര്ക്കെതിരെ നടപടി വേണമെന്നാണ് സമൂഹമാധ്യമങ്ങളില് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
ഛത്തീസ്ഗഢിലെ സുരാജ്പുര് ജില്ലയില് യുവാവിനെ മര്ദ്ദിച്ച സംഭവത്തില് ജില്ലാ കലക്ടര് മാപ്പുപറഞ്ഞിരുന്നു. ജില്ലാകളക്ടര് രണ്ബീര് ശര്മ്മയാണ് യുവാവിന്റെ മുഖത്തടിയ്ക്കുകയും ഫോണ് വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തത്.
ഈ ദൃശ്യങ്ങള്സാമൂഹികമാധ്യമങ്ങളില് വൈറലായതോടെയാണ് ജില്ലാ കലക്ടര് ക്ഷമാപണവുമായെത്തിയത്.
വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ കലക്ടര്ക്കെതിരെ വ്യാപകവിമര്ശനങ്ങള് ഉയര്ന്നിരുന്നു.യുവാവിന്റെ കയ്യിലുള്ള ഫോണ് കലക്ടര് വാങ്ങി പരിശോധിക്കുകയും ശേഷം നിലത്തേക്ക് വലിച്ചെറിഞ്ഞ് യുവാവിന്റെ മുഖത്ത് അടിയ്ക്കുകയുമായിരുന്നു.
മാത്രമല്ല,സംഭവ സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര് ലാത്തി ഉപയോഗിച്ച് യുവാവിനെ മര്ദ്ദിക്കുകയും ചെയ്തു. ഇപ്പോള് ഡെപ്യൂട്ടി കളക്ടറുടെ ഭാഗത്തു നിന്നുമുണ്ടായ നടപടി പരക്കെ വിമര്ശനം ക്ഷണിച്ചു വരുത്തുകയാണ്.


