ദിലീപിനെ കുടുക്കിലാക്കിയത് മറ്റൊരു കോമഡി നടനോട് നടിയെ ആക്രമിച്ച ശേഷം നടത്തിയ സംഭാഷണം, പോലീസിന്റെ കൈയിലുള്ള ആ വിലപ്പെട്ട ശബ്ദസംഭാഷണം നിര്‍ണായക തെളിവാകുന്നതിങ്ങനെ

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റു ചെയ്യാന്‍ പോലീസിനെ സഹായിച്ചത് ഒരു ശബ്ദരേഖ. നടി ആക്രമിക്കപ്പെട്ടതിനു ഒരു മാസം കഴിഞ്ഞപ്പോള്‍ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ കോമഡി നടനോട് ദിലീപ് നടത്തിയ സംഭാഷണങ്ങളാണ് പോലീസിന് പിടിവള്ളിയായത്. നടിയുമായുള്ള വൈരാഗ്യത്തെക്കുറിച്ച് ഈ സംഭാഷണത്തില്‍ ദിലീപ് സൂചിപ്പിക്കുന്നുണ്ട്. കോടതിയിലെത്തിയപ്പോഴെല്ലാം ദിലീപിന് ജാമ്യം ലഭിക്കാത്തതു ഈ തെളിവുകള്‍ പരിശോധിച്ചശേഷമായിരുന്നു.

നാലു മിനിറ്റിലേറെ നീളമുള്ള ശബ്ദരേഖയില്‍ താനും നടിയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. തന്റെ കുടുംബജീവിതം തകരാന്‍ കാരണം ആക്രമിക്കപ്പെട്ട നടിയുടെ പ്രവൃത്തികളാണെന്നും ഇതില്‍ പറയുന്നു. ഈ ശബ്ദരേഖ തന്നെയാകും പോലീസും പ്രോസിക്യൂഷനും കോടതിയില്‍ നിര്‍ണായക തെളിവായി അവതരിപ്പിക്കുക. അതേസമയം, കേസിലെ അനുബന്ധ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നു പ്രത്യേക അന്വേഷണ സംഘം. കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ പ്രതി നടന്‍ ദിലീപിനു ജാമ്യം ലഭിക്കാനായി പോലീസ് ബോധപൂര്‍വം കുറ്റപത്രം വൈകിപ്പിക്കുമെന്ന ആരോപണം അന്വേഷണസംഘം തള്ളി.

ദിലീപ് അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ അവകാശ ജാമ്യം ലഭിക്കാന്‍ അവസരമൊരുങ്ങും. ദിലീപിനു ജാമ്യം ലഭിക്കാന്‍ മറ്റു വഴികളില്ലാത്ത സാഹചര്യത്തില്‍ കുറ്റപത്രം വൈകിപ്പിക്കാന്‍ പോലീസിനുമേല്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്ന ആരോപണം ശക്തമാണ്. ദിലീപ് അറസ്റ്റിലായി 90 ദിവസം തികയുന്നത് ഒക്ടോബര്‍ എട്ടിനാണ്. കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഈ ഫോണിലാണ്. ഈ സാഹചര്യത്തില്‍ 90 ദിവസം തികയും മുന്‍പു തെളിവെടുപ്പു പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിനു കഴിയില്ലെന്ന അനുമാനത്തിലാണു പ്രതിഭാഗത്തിന്റെ നീക്കങ്ങള്‍.

Related posts