പഞ്ഞിക്കെട്ടുകള്‍ പോലുള്ള കുഞ്ഞന്‍ ബെഡ്, നിറയെ കിളിവാതിലുകളും അലങ്കാര വസ്തുക്കളും! വളര്‍ത്തു നായയ്ക്കായി വീടിനുള്ളില്‍ ലക്ഷ്വറി ഏരിയ ഒരുക്കി വീട്ടുടമസ്ഥന്‍

നായ്ക്കുട്ടികളോട് ഇഷ്ടമില്ലാത്തവര്‍ ഉണ്ടാവില്ല. പലര്‍ക്കും അത് വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെയാണ്. അത്ര സ്‌നേഹമായിരിക്കും. ഇത്തരത്തില്‍ വീട്ടിലെ നായ്ക്കുട്ടിയ്ക്കായി ഒരുക്കിയിരിക്കുന്ന ഒരു ലക്ഷ്വറി ഏരിയയാണ് ചിത്രങ്ങളടക്കം സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

പതിനായിരം രൂപ ചെലവില്‍ തന്റെ വളര്‍ത്തു നായയ്ക്ക് വേണ്ടി സ്വര്‍ഗം തന്നെ പണിതിരിക്കുകയാണ് സീന്‍ ഫാറെല്‍ എന്ന യുവാവ്. തന്റെ നായയെ ജീവനു തുല്യം സ്നേഹിക്കുന്നതുകൊണ്ടാണ് ഇത് ചെയ്തിരിക്കുന്നതെന്നും സീന്‍ ഫാറെല്‍ പറയുന്നു.

പഞ്ഞിക്കെട്ടുകള്‍ പോലുള്ള കുഞ്ഞന്‍ ബെഡ്, ചുവരുകളില്‍ നിറയെ അലങ്കാരവസ്തുക്കള്‍, കിളിവാതില്‍.. ഇങ്ങനെ നീളുന്നു ഒരുക്കിയിരിക്കുന്ന മുറിയിലെ വിശേഷണങ്ങള്‍. രണ്ടുവര്‍ഷമേ ആയിട്ടുള്ളു ഫാറെലിന് ബസ്റ്റര്‍ എന്നു പേരിട്ട നായയെ കിട്ടിയിട്ട്. തന്നെപ്പോലെ തന്നെ വീട്ടില്‍ ബസ്റ്ററിനും എന്തുകൊണ്ട് ഒരു മുറി ആയിക്കൂടാ എന്ന ചിന്തയാണ് സ്വര്‍ഗം പോലെ ഒരു വീടൊരുക്കുന്നതിന് തോന്നിപ്പിച്ചത്.

ഇന്റര്‍നെറ്റില്‍ തപ്പിയാണ് മനോഹരമായ മുറി നായയ്ക്കായി ഒരുക്കിയത്. ലിവിങ് റൂമില്‍ തന്നെ പ്രത്യേകമായി ചെറിയ മുറിയെന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തത്. മരവും പ്ലൈവുഡുമാണ് ഉപയോഗിച്ചത്. ബസ്റ്ററിന്റെ കിടപ്പുമുറിയെന്ന് മുകളില്‍ എഴുതി വച്ചിട്ടുമുണ്ട്. ഇന്‍ഡോര്‍ പ്ലാന്റ്‌സും കളിപ്പാട്ടങ്ങളുമൊക്കെ നിരത്തിയിട്ടുള്ള മനോഹരമായ ഷെല്‍ഫും കൂളിങ് ഫാനും മുറിയില്‍ കാണാം. നാലുദിവസത്തോളമെടുത്താണ് മുറിയുടെ പണി പൂര്‍ത്തിയാക്കിയത്. ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ഇതുപോലൊന്ന് തയാറാക്കിയാല്‍ കൊള്ളാമെന്ന ആഗ്രഹത്തിലാണ്, വളര്‍ത്തു മൃഗങ്ങളെ ജീവന് തുല്യം സ്‌നേഹിക്കുന്ന പലരും.

Related posts