രമങ്കരി: രാമങ്കരി പഞ്ചായത്ത് ഊരുക്കരി-പുതുക്കരി വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും 45 വർഷത്തിലേറെ പഴക്കം വരുന്നതും, നിരവധി സ്റ്റെപ്പുകളുള്ളതുമായ ഗോവണിപ്പാലം അപകട സ്ഥിതിയിലായപ്പോൾ, നിങ്ങൾക്ക് ഞാൻ ആറുമാസത്തിനകം പുതിയ ആംബുലൻസ് പാലം നിർമിച്ചുനല്കാമെന്ന എംഎൽഎയുടെ വാഗ്ദാനം പാഴ്വാക്കായി മാറിയതോടെ പ്രതിഷധത്തിന് തയാറെടുത്ത് ഊരുക്കരി അനുപമ സ്വാശ്രയസംഘം രംഗത്തേക്ക്.
സ്റ്റെപ്പുകൾ പൊട്ടി അകലുകയും കോൺക്രീറ്റ് കന്പികൾ തുരുന്പെടുത്ത് ബലക്ഷയം സംഭവിക്കുകയും ചെയ്തതോടെ സംഭവിച്ചേക്കാവുന്ന വൻ അപകടം കണക്കിലെടുത്ത് പാലത്തിലൂടെ ജനം കയറി ഇറങ്ങുന്നത് പഞ്ചായത്ത് വിലക്കിയെന്നു മാത്രമല്ല ഒരു നിരോധന ബോർഡും പ്രദേശത്ത് സ്ഥാപിക്കുകയുണ്ടായി.ഈ ഘട്ടത്തിൽ പ്രദേശത്ത് എത്തിയ എംഎൽഎ തോമസ് കെ. തോമസ് നിങ്ങൾക്ക് ഞാൻ ആറുമാസത്തിനകം ആംബുലൻസ് വരെ കയറാവുന്ന തരത്തിൽ പുതിയൊരു പാലം നിർമ്മിച്ചുതരാമെന്ന് വാഗ്ദാനം നല്കുകയായിരുന്നു.
എന്നാൽ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. ഗതിമുട്ടിയ നാട്ടുകാർ പിന്നീട് തങ്ങളുടെ കൈകളിൽ നിന്ന് പണം എടുത്ത് താത്കാലികമായൊരു നടപ്പാലം നിർമ്മിച്ചെങ്കിലും ആ പാലവും ഇപ്പോൾ ഏത് നിമിഷവും തകരാമെന്ന സ്ഥിതിയിലാണ്. മാത്രമല്ല വള്ളത്തിലും മറ്റും വിത്തും വളവും കാർഷിക സാമഗ്രികളുമായി പാടശേഖരങ്ങളിലേക്ക് പോകുന്ന കർഷകർക്ക് ഇത് വലിയ ബുദ്ധിമുട്ടും ആയി.
അതിനാൽ എംഎൽഎ തന്റെ കാലാവധി പൂർത്തികരിക്കാൻ പോകുന്ന ഈ ഘട്ടത്തിലെങ്കിലും നല്കിയ ഉറപ്പ് പാലിക്കാൻ തയ്യാറാകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഊരുക്കരി കുടുംബാരോഗ്യകേന്ദ്രം, പ്രാഥമികസഹകരണസംഘം, മൃഗാശുപത്രി, പോസ്റ്റാഫീസ്, ശ്രീധർമ്മശാസ്താ ക്ഷേത്രം, മിത്രക്കരി ദേവീക്ഷേത്രം, പുതുക്കരി സെന്റ് സേവ്യേഴ്സ് പള്ളി, ഗവ. എൽപിഎസ് ഊരുക്കരി, അങ്കണവാടി എന്നിവിടങ്ങളിലേയ്ക്ക് പ്രദേശവാസികൾക്ക് എത്തിച്ചേരുവാനുള്ള പ്രധാന മാർഗമാണീ പാലം. കൂടാതെ എടത്വ- മാന്പുഴക്കരി സംസ്ഥാന പാത, ഊരുക്കരി നബാർഡ് റോഡ്, വേഴപ്ര-എടത്വ ചന്പക്കുളം എന്നീ റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും ഈ പാലമാണ്.
