ചെറുതോണി: അടിസ്ഥാനസൗകര്യങ്ങളും സുരക്ഷാസംവിധാനങ്ങളുമില്ലാതെയാണ് ഇടുക്കി മോട്ടോർ വാഹന വകുപ്പ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതെന്ന ആരോപണം ശക്തമാകുന്നു. പൈനാവിന് സമീപത്തെ ചെങ്കുത്തായ ചെരിവിലാണ് മോട്ടോർ വാഹന വകുപ്പ് ടെസ്റ്റ് യാർഡ് ഒരുക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പടുത്തതോടെ ഉദ്ഘാടന മാമാങ്കങ്ങൾ നടക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്നവിധത്തിലാണ് പൈനാവിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തത്. അലക്കുതൊഴിലാളികൾ കൈവശംവച്ചിരുന്ന ഭൂമി ജില്ലാ പഞ്ചായത്ത് ഒഴിപ്പിച്ച് മോട്ടോർ വാഹന വകുപ്പിന് കൈമാറിയിരുന്നു.
ഇവിടെ യാതൊരു അടിസ്ഥാനസൗകര്യങ്ങളും ഒരുക്കാതെ പ്രദേശത്തിന്റെ ഒതുങ്ങിയ കോണിലാണ് ടെസ്റ്റ് യാർഡ് സ്ഥാപിച്ചതെന്നാണ് വിമർശനം.
ലൈസൻസ് എടുക്കുന്നതിനായി ഫോർ വീലറും ടൂ വീലറും ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ഇവിടെ എത്തുന്നത്. പരിചയം കുറവുള്ളവർ വാഹനമോടിക്കുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് ചെങ്കുത്തായ കൊക്കയിലേക്ക് വാഹനം മറിയാൻ സാധ്യതയേറെയാണ്.
അത്തരമൊരു അപകടം തടയുന്നതിനായി ഒരുക്കിയിരിക്കുന്നത് കാട്ടുകല്ലുകളും സിമന്റ് കട്ടകളും മാത്രമാണ്. ഡ്രൈവർമാരുടെ സുരക്ഷയ്ക്ക് ആവശ്യമായ ക്രാഷ് ബാരിയറുകൾപോലും ഇവിടെ സ്ഥാപിച്ചിട്ടില്ല.
ഡ്രൈവിംഗ് ടെസ്റ്റിനായി ഇവിടെ എത്തുന്നവർക്ക് വിശ്രമിക്കാൻ ഒരുക്കിയിരിക്കുന്നത് രണ്ട് കമ്പികൾ കൊണ്ട് നിർമിച്ച ചെറിയ ഇരിപ്പിടം മാത്രമാണ്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ എത്തുന്ന സ്ഥലത്ത് ആകെ ഒരുക്കിയിരിക്കുന്നത് ഒരു ശൗചാലയമാണ്.
