പരവൂർ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് പാചകവാതക വിതരണത്തിൽ നേരിടുന്ന കടുത്ത പ്രതിസന്ധിക്ക് ആശ്വാസവുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. സാധാരണ ഗ്യാസ് സിലിണ്ടറുകൾക്കായി കാത്തുനിൽക്കാതെ പെട്ടെന്ന് ലഭ്യമാകുന്ന അഞ്ച് കിലോയുടെ ‘ചോട്ടു’ സിലിണ്ടറുകൾ വിപണിയിൽ സജീവമാക്കാനാണ് കമ്പനിയുടെ തീരുമാനം.
ഇറാൻ ഉൾപ്പെട്ട യുദ്ധസാഹചര്യം കാരണം ഹോർമുസ് കടലിടുക്ക് വഴിയുള്ള പാചകവാതക ഇറക്കുമതി തടസപ്പെട്ടതോടെ രാജ്യത്തെ പല നഗരങ്ങളിലും ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ ഉപഭോക്താക്കളുടെ നീണ്ട ക്യൂ ദൃശ്യമാണ്. ഈ സാഹചര്യത്തിലാണ് സാധാരണക്കാർക്കും കുറഞ്ഞ വരുമാനക്കാർക്കും ഒരുപോലെ ഉപകാരപ്പെടുന്ന പദ്ധതിയുമായി എണ്ണക്കമ്പനി രംഗത്തെത്തിയത്.
‘ചോട്ടു’ സിലിണ്ടർ സ്വന്തമാക്കാൻ മുൻകൂട്ടി ബുക്കിംഗോ സ്ഥിരം ഗ്യാസ് കണക്ഷനോ ആവശ്യമില്ലെന്നതാണ് പ്രധാന സവിശേഷത. സാധാരണ കണക്ഷൻ എടുക്കാൻ വേണ്ട അഡ്രസ് പ്രൂഫിന് പകരം ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ മാത്രം നൽകിയാൽ അടുത്തുള്ള ഇൻഡേൻ ഏജൻസികളിൽ നിന്ന് സിലിണ്ടർ നേരിട്ട് വാങ്ങാം. ഇൻഡേൻ വിതരണക്കാരിൽ നിന്ന് മാത്രമല്ല, അംഗീകൃത റീട്ടെയിൽ ഔട്ട് ലെറ്റുകളിൽ നിന്നും തിരഞ്ഞെടുത്ത പലചരക്ക് കടകളിൽ നിന്നും ഇത് ലഭ്യമാകും. സിലിണ്ടർ തീർന്നാൽ ഉടൻ തന്നെ കടകളിൽ ചെന്ന് റീഫിൽ ചെയ്ത സിലിണ്ടർ വാങ്ങി മടങ്ങാമെന്നത് വീട്ടമ്മമാർക്കും വലിയ ആശ്വാസമാകും.
ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്.വിതരണ ശൃംഖലയിൽ തടസങ്ങൾ നേരിടുമ്പോൾ, പാചകവാതകം പെട്ടെന്ന് ആവശ്യമുള്ളവർക്കും വിതരണ കേന്ദ്രങ്ങളിൽ കാത്തുനിൽക്കാൻ ബുദ്ധിമുട്ടുള്ളവർക്കും ‘ചോട്ടു’ മികച്ചൊരു ബദലായിരിക്കുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വ്യക്തമാക്കി.എൽപിജി വിതരണം കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ ചെറിയ സിലിണ്ടറുകളുടെ ലഭ്യത വർധിപ്പിച്ചിരിക്കുന്നത്.
