പയ്യന്നൂര്‍: സ്ഥാപനത്തിന്റെ ഷെയര്‍ വാഗ്ദാനം ചെയ്ത് 22,62,000 രൂപ വഞ്ചിച്ചതായുള്ള പരാതിയില്‍ പയ്യന്നൂർ പോലീസ് കേസെടുത്തു.കുഞ്ഞിമംഗലം തെരുവിലെ ബുഷ്റയുടെ പരാതിയിലാണ് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം കൊറ്റിയിലെ ഹയാത്ത് ഫുഡ് ആൻഡ് സ്പൈസസ് എന്ന സ്ഥാപനത്തിനും പാർട്ടണർമാരായ ഇ. മുഹമ്മദ് ഫാറൂഖ്, എൻ.പി.കെ. താഹിറ എന്നിവര്‍ക്കുമെതിരെ കേസെടുത്തത്.
2023 ജൂണില്‍ സ്ഥാപനത്തിന്റെ 50 ശതമാനം ഷെയര്‍ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. തുടര്‍ന്ന് 2023 ജൂലൈ 15 മുതല്‍ 2025 ഫെബ്രുവരി 10 വരെയുള്ള ദിവസങ്ങളില്‍ തവണകളായി സ്ഥാപനത്തിന്റെയും പ്രതികളുടെയും അക്കൗണ്ട് വഴി 22,62,000 രൂപ കൈപ്പറ്റിയെന്നും ഇതിന് ശേഷം വാഗ്ദാനം ചെയ്ത ഷെയറോ കൈപ്പറ്റിയ പണമോ നല്‍കാതെ വഞ്ചിച്ചതായുമാണ് പരാതി.
പരാതിക്കാരി പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കോടതി നിര്‍ദ്ദേശ പ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
