മങ്കൊമ്പ്: കുട്ടനാട് എംഎൽഎ റെജി ചെറിയാനെ വ്യക്തിഹത്യ നടത്തുന്ന തരത്തിൽ പൊതുവേദിയിൽ ജി. സുധാകരൻ എംഎൽഎ നടത്തിയ പരാമർശങ്ങൾ നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് കുട്ടനാട്ടിലെ യുഡിഎഫ് നേതൃത്വം.
കുട്ടനാട്ടിൽ വർഷകാലത്ത് അടിക്കടിയുണ്ടാക്കുന്ന വെള്ളപ്പൊക്കം മൂലം കുട്ടനാട്ടിലെ ജനങ്ങൾക്കുണ്ടാകുന്ന ദുരിതത്തെക്കു റിച്ചറിയാത്ത ആളല്ല ജി. സുധാകരൻ.
തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ യഥാസമയം തുറക്കണമെന്നത് കഴിഞ്ഞ 20 വർഷമായി കുട്ടനാട്ടിലെ ജനങ്ങൾ ആവശ്യപ്പെടുന്ന കാര്യമാണ്. എന്നാൽ, ഇക്കാര്യത്തിൽ കഴിഞ്ഞകാലങ്ങളിൽ നടന്നുവന്നിരുന്ന അനാസ്ഥയുടെ പശ്ചാത്തലത്തിലാണ് കുട്ടനാട് എംഎൽഎ സ്പിൽവേ സന്ദർശിക്കുകയും അടിയന്തര നടപടികൾ വേണമെന്നു ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തത്.
ഇത് ഇദ്ദേഹത്തിന്റെ കേവല ഉത്തരവാദിത്വം മാത്രമാണ്. ഇത്തരത്തിൽ നടത്തിയ നടപടിക്കെതിരേ ആക്ഷേപമുന്നയിച്ച സുധാകരന്റെ നടപടി അപലപനീയമാണെന്നു യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ, കൺവീനർ തങ്കച്ചൻ വാഴച്ചിറ എന്നിവർ കുറ്റപ്പെടുത്തി.
