വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി പാക്കിസ്ഥാനിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ ഇറാനെതിരേ രൂക്ഷഭാഷയിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്കായി ഇറാൻ ഇനിയും വരുമോ എന്ന കാര്യത്തിൽ തനിക്ക് ആശങ്കയില്ലെന്നും ഇറാൻ നിലവിൽ അത്യന്തം മോശമായ അവസ്ഥയിലാണെന്നും ട്രംപ് പറഞ്ഞു. മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ട്രംപ്.
ഇറാന്റെ സൈനിക ശേഷി ഏകദേശം പൂർണമായും ഇല്ലാതായെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ മിസൈൽ ശേഖരം തീരാറായി. ഡ്രോണുകളും മിസൈലുകളും നിർമിക്കാനുള്ള അവരുടെ ശേഷി തകർത്തു. ഇറാന്റെ പാലങ്ങൾ അധികമൊന്നും തകർക്കാതെ അമേരിക്ക മര്യാദ കാണിച്ചെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാൻ ഒരിക്കലും ആണവായുധം കൈവശം വയ്ക്കില്ലെന്ന് ട്രംപ് ഉറപ്പിച്ചു പറഞ്ഞു. “ഇറാൻ ഇപ്പോഴും ആണവായുധം നിർമിക്കാനാണു ശ്രമം നടത്തുന്നത്. ചർച്ചകളിൽ അക്കാര്യം വ്യക്തമാണ്. എന്നാൽ അതു നടക്കില്ല.’ ട്രംപ് വ്യക്തമാക്കി. ചർച്ചകൾ പുനരാരംഭിക്കുമോ എന്ന ചോദ്യത്തിന്, ഇറാൻ ചർച്ചകൾക്കു തയാറായില്ലെങ്കിലും തനിക്കൊന്നുമില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാന്റെ ശ്രമം ലോകത്തെ ഭീഷണിപ്പെടുത്തുന്നതിനു തുല്യമാണെന്ന് ട്രംപ് പറഞ്ഞു. ഇതിനെതിരേ തിങ്കളാഴ്ച രാവിലെ മുതൽ യുഎസ് നാവികസേന ഉപരോധം ഏർപ്പെടുത്തും. ഇറാനിൽനിന്ന് ആരും എണ്ണ വാങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ മറ്റു രാജ്യങ്ങളുമായി ചേർന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇറാൻ ആവശ്യപ്പെടുന്ന അനധികൃത ടോൾ നൽകുന്ന കപ്പലുകൾക്കു സമുദ്രത്തിൽ സുരക്ഷിതമായ യാത്ര ഉറപ്പുനൽകാനാവില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം, ഇസ്ലമാബാദിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി നടന്ന ചർച്ച പരാജയപ്പെടാൻ കാരണം അമേരിക്കയുടെ അന്യായമായ നിബന്ധനകളാണെന്ന് ഇറാൻ ആരോപിച്ചു. വെടിനിർത്തൽ ഉൾപ്പെടെയുള്ള പല കാര്യങ്ങളിലും ഏകദേശ ധാരണയിൽ എത്തിയെങ്കിലും ആണവായുധം സംബന്ധിച്ച വിഷയത്തിൽ ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തതാണു ചർച്ചകൾ അലസാൻ കാരണം.
