മറക്കല്ലേ കോണ്ടം നല്ലതിന്… ലൈംഗികബന്ധത്തില്‍ സുരക്ഷ ഉറപ്പുവരുത്താന്‍  ഗുണകരം; ഉപയോഗിക്കാന്‍ ഒരു താല്‍പര്യവുമില്ലാത്തത് ഇന്ത്യക്കാര്‍ക്കെന്ന് സര്‍വേ ഫലം

ലൈംഗികരോഗങ്ങളെയും അവിചാരിത ഗര്‍ഭധാരണത്തെയും തടയാന്‍ കോണ്ടം ഫലപ്രദമാണ്. എന്നാല്‍ ഇത്തരം ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നത് ഇന്ത്യയിലെ പുരുഷന്മാര്‍ക്ക് ഇഷ്ടമല്ലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സര്‍ക്കാരിന്റെ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. 94.4 ശതമാനം പുരുഷന്മാര്‍ക്കും കോണ്ടം ഉപയോഗിക്കാന്‍ ഇഷ്ടമല്ലെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. ലൈംഗിക സുരക്ഷയ്ക്ക് വേണ്ടിയാണ് കോണ്ടം ഉപയോഗിക്കുന്നതെന്ന് ഇവര്‍ക്കൊക്കെ അറിയാമെന്നും സര്‍വേയില്‍ പറയുന്നു.

ഇന്ത്യയിലെ 95 ശതമാനം ദമ്പതികളും കോണ്ടം ഉപയോഗിക്കുന്നില്ല. പ്രത്യുത്പാദനശേഷി മുന്നിട്ടു നില്‍ക്കുന്ന 49 വയസ് വരെയുള്ള കാലയളവില്‍ പെട്ടവരാണ് ഇവരെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഇന്ത്യയില്‍ കോണ്ടത്തിന്റെ പരസ്യങ്ങളുടെ എണ്ണത്തില്‍ വരെ ഗണ്യമായ കുറവുണ്ടായതായും സര്‍വേ പ്രതിപാദിക്കുന്നുണ്ട്. പല തരം ഫ്‌ളേവറുകളില്‍ കോണ്ടം വിപണിയിലെത്തിക്കാന്‍ വിവിധ ബ്രാന്‍ഡുകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇത്തരം തന്ത്രങ്ങളൊന്നും ഇവിടെ അനുകൂലഫലം കാണുന്നില്ലെന്നും സര്‍വ്വേയില്‍ വ്യക്തമാക്കുന്നു.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരില്‍ 97.9 ശതമാനത്തിനും ‘കോണ്ടം’ ഉപയോഗിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചറിയാം. എന്നാല്‍ ഇവരില്‍ ഭൂരിപക്ഷവും പുരുഷാധിപത്യ വ്യവസ്ഥിതിയില്‍ നില്‍ക്കുന്നതിനാല്‍ അത് അവരുടെ ലൈംഗികതയിലും പ്രതിഫലിക്കുകയാണെന്നും. ഇതാണ് കോണ്ടം ഉപയോഗിക്കുന്നതിലും ഇവര്‍ വിമുഖത പ്രകടിപ്പിക്കുന്നതിന് കാരണമെന്നും സര്‍വ്വേയില്‍ പറയുന്നു.

Related posts