ദോഹ (ഖത്തർ): മൂന്നു മാസമായി പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഖത്തറിന്റെ മധ്യസ്ഥതയിൽ ദോഹയിൽ നിർണായക സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, ദക്ഷിണ ഇറാനിൽ ശക്തമായ ആക്രമണം നടത്തി യുഎസ് സൈന്യം. ഇറാന്റെ മിസൈൽ വിക്ഷേപണകേന്ദ്രങ്ങളും കടലിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ബോട്ടുകളുമാണ് യുഎസ് തകർത്തത്. തങ്ങളുടെ സൈന്യത്തിനുനേരെയുള്ള ഭീഷണി ഒഴിവാക്കാനാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ഇറാൻ നാവിക താവളത്തിനു സമീപമുള്ള ബന്ദർ അബ്ബാസ് ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. മേഖലയിൽ വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും സ്വയംരക്ഷയ്ക്കായി സൈന്യം നിയന്ത്രണങ്ങളോടെ തിരിച്ചടിക്കുകയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ടിം ഹോക്കിൻസ് അറിയിച്ചു. പേഷ്യൻ ഗൾഫ് മേഖലയിൽ ഡ്രോൺ തകർത്തതായി ഇറാൻ സൈന്യം അവകാശപ്പെട്ടതിനു പിന്നാലെയാണ് യുഎസ് ആക്രമണം ഉണ്ടായത്.
ബന്ദർ അബ്ബാസ് വിമാനത്താവളത്തിനു സമീപം ഉഗ്രസ്ഫോടനശബ്ദങ്ങൾ കേട്ടതായും യുഎസ് ആക്രമണത്തെ ചെറുക്കാൻ വ്യോമപ്രതിരോധ സംവിധാനം സജ്ജമാക്കിയതായും ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഇതിനിടെ, യുഎസ് ആക്രമണത്തോട് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരായ പോരാട്ടത്തിൽനിന്നു പിന്നോട്ടില്ലെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവൻ മുഹമ്മദ് ബാഗർ സോൾഖാദർ വ്യക്തമാക്കി. കനത്ത തിരിച്ചടി നൽകുമെന്നും ശത്രുവിനെ തർക്കുമെന്നും മുഹമ്മദ് ബാഗർ കൂട്ടിച്ചേർത്തു.
സമാധാന ചർച്ച പുരോഗമിക്കുന്നു
ഏപ്രിൽ എട്ടിന് ആരംഭിച്ച താത്കാലിക വെടിനിർത്തൽ നിലനിൽക്കെ, യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, മുഹമ്മദ് ബാഗർ ഗാലിബാഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ദോഹയിലുണ്ട്.
ചർച്ചകളിൽ നേരിയ പുരോഗതിയുണ്ടെങ്കിലും കരാർ ഉടൻ സാധ്യമാകില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ സുരക്ഷ, ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം, മരവിപ്പിച്ച ഇറാൻ ഫണ്ടുകൾ തിരികെ നൽകൽ എന്നിവയാണ് ചർച്ചയിലെ പ്രധാന വിഷയങ്ങൾ.
യുറേനിയം കൈമാറണമെന്ന് ട്രംപ്
ആക്രമണത്തിനു തൊട്ടുപിന്നാലെ, ഇറാൻ തങ്ങളുടെ സമ്പുഷ്ടീകരിച്ച യുറേനിയം പൂർണമായും നശിപ്പിക്കുന്നതിനായി കൈമാറണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ സാന്നിധ്യത്തിൽ ഇത് ഇറാനിൽ തന്നെ നശിപ്പിക്കാനും തയാറാകണമെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
ഇതോടൊപ്പം, ഇറാനുമായുള്ള സമാധാന കരാറിന്റെ ഭാഗമായി സൗദി അറേബ്യ, യുഎഇ, ഖത്തർ, ഈജിപ്ത്, തുർക്കി അടക്കമുള്ള അറബ്-മുസ്ലിം രാജ്യങ്ങൾ ഇസ്രയേലുമായുള്ള ഉടമ്പടിയിൽ ഒപ്പുവയ്ക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
അതേസമയം, സ്വതന്ത്ര പാലസ്തീൻ രാജ്യം യാഥാർഥ്യമാകാതെ ഇസ്രയേലുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് സൗദിയും ഖത്തറും ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ.
