പേരൂർക്കട: യുവാവിനെ ദേഹോപദ്രവം ഏൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സ്ത്രീയുൾപ്പെടെ മൂന്നു പേരെ മണ്ണന്തല പോലീസ് പിടികൂടി. മണ്ണന്തല വിറകുവെട്ടിക്കോണം ആതിര നിലയത്തിൽ അബി എന്ന് വിളിക്കുന്ന അഭിലാഷ് (39), മലയിൻകീഴ് അരുവിപ്പാറ തെക്കേവിള വീട്ടിൽ ചിക്കു എന്ന് വിളിക്കുന്ന സുജിത്ത് (32), കായംകുളം വള്ളികുന്നം കടുവിനാൽ സുഭാഷ് ഭവനിൽ സരിത (37) എന്നിവരാണ് പിടിയിലായത്.
വെമ്പായം പുത്തൻവിള സ്വദേശി ശരത്ത് (37) ആണ് ആക്രമണത്തിന് ഇരയായത്. അഭിലാഷിന്റെ ഭാര്യ മോഷണക്കേസുമായി ബന്ധപ്പെട്ട് കുറച്ചുനാൾ മുമ്പ് ജയിൽ ശിക്ഷ അനുഭവിക്കുകയുണ്ടായി. ഇവർ ജയിൽ ശിക്ഷ അനുഭവിക്കാൻ കാരണം ശരത്തിന്റെ ഇടപെടൽ ആണെന്ന് ആരോപിച്ചാണ് ആക്രമണം.
യുവാവുമായി സൗഹൃദം നടിച്ച പ്രതികൾ മരുതൂരിൽ ഉള്ള ഒരു ഫ്ലാറ്റിൽ 22 ന് ഇയാളെ വിളിച്ചു വരുത്തിയ ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഫ്ലാറ്റിനുള്ളിൽ വച്ച് കൈവശമുണ്ടായിരുന്ന മഴുവിന്റെ പിൻഭാഗം കൊണ്ട് തലയിൽ ഇടിക്കുകയും ഇടിവള ഉപയോഗിച്ച് ശരീരമാകെ മർദിക്കുകയും ആയിരുന്നു. കൂടാതെ അറസ്റ്റിലായ സരിത യുവാവിന്റെ മുഖത്ത് കുരുമുളക് വെള്ളം സ്പ്രേ ചെയ്യുകയും ചെയ്തു.
ക്രൂരമായ മർദ്ദനമുറകളെ തുടർന്ന് യുവാവിന്റെ ബോധം നശിച്ചു. ചെമ്പൂരുള്ള ഒരു ഫ്ലാറ്റിൽ എത്തിച്ചും പ്രതികൾ മർദ്ദനം തുടർന്നു. അതിനുശേഷം യുവാവിനെ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മണ്ണന്തല സിഐയും സംഘവുമാണ് പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
