വാഷിംഗ്ടൺ ഡിസി: ഭാവിയിൽ ഇറാനിൽ ജനാധിപത്യ സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ ഇന്ത്യയുമായി ഏറ്റവും അടുത്ത സഹകരണവും സൗഹൃദവും സ്ഥാപിക്കാൻ രാജ്യം താത്പര്യപ്പെടുന്നുവെന്ന് മുൻ ഇറാൻ രാജകുമാരൻ റെസ പഹ്ലവി.
മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമാധികാരവും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങളുള്ള രാജ്യങ്ങളുമായി കൈകോർക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയും ഇറാനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ അദ്ദേഹം എടുത്തുപറഞ്ഞു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇറാൻ സന്ദർശിച്ച കാലം മുതൽക്കുള്ള ഊഷ്മളമായ ബന്ധം ഇരുരാജ്യങ്ങൾക്കുമിടയിലുണ്ടെന്ന് പഹ്ലവി അനുസ്മരിച്ചു.
ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും ചരിത്രത്തെയും പഹ്ലവി പ്രശംസിച്ചു. ഇരു രാജ്യങ്ങൾക്കും തങ്ങളുടെ പൈതൃകത്തിൽ അഭിമാനിക്കാം. ഈ സാംസ്കാരിക സാമ്യം സ്വാഭാവികമായും മികച്ച ബന്ധത്തിലേക്കും സഹകരണത്തിലേക്കും നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക ലോകം നേരിടുന്ന വെല്ലുവിളികളായ ഊർജക്ഷാമം, ജനസംഖ്യാ വർധനവ്, ജലപ്രതിസന്ധി എന്നിവ പരിഹരിക്കുന്നതിൽ ഇന്ത്യക്കു വലിയ പങ്കുവഹിക്കാനുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സാങ്കേതിക വിദ്യയിലും വൈദഗ്ധ്യത്തിലും ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
പുനരുപയോഗ ഊർജ ഉൾപ്പെടെയുള്ള പുതിയ മേഖലകളിൽ സഹകരിക്കാൻ താത്പര്യമുണ്ടെന്നും ഇരുരാജ്യങ്ങളിലെയും സംരംഭകർക്കും വിദഗ്ധർക്കും ഒന്നിച്ചു പ്രവർത്തിക്കാൻ സാധിക്കുന്ന പുതിയ അധ്യായത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
