ജയ്പുർ (രാജസ്ഥാൻ): വിവാഹച്ചടങ്ങിന്റെ ഭാഗമായി അഗ്നിക്കു വലംവയ്ക്കുന്നതിനിടെ വരന് ഒരു ഫോൺ കോൾ എത്തി. ഫോണിൽ സംസാരിച്ച വരൻ, വലംവയ്ക്കുന്നത് നിർത്തി വിവാഹത്തിൽനിന്നു പിൻമാറുന്നതായി അറിയിച്ചു. അതോടെ വിവാഹമണ്ഡപം സംഘർഷവേദിയായി. വിവാഹം മുടങ്ങി. രാജസ്ഥാനിലെ കരൗലി ജില്ലയിലെ നാഡോട്ടി തഹസിലിൽ ആണു സംഭവം നടന്നത്.
ഏഴു തവണയാണു വധൂവരന്മാർ അഗ്നിക്കു വലംവയ്ക്കേണ്ടിയിരുന്നത്. ആറാംതവണ വലംവച്ചതിനു പിന്നാലെയായിരുന്നു വരന് ഫോൺ കോൾ എത്തിയത്. തുടർന്ന് അസ്വസ്ഥനായ വരൻ ഏഴാം തവണ അഗ്നിക്കു വലംവയ്ക്കാൻ വിസമ്മതിച്ചു. ഈ വിവാഹത്തിനു സമ്മതമല്ലെന്നു പരസ്യമായി അറിയിക്കുകയും ചെയ്തു. ഒരു പെൺകുട്ടിയുടെ കോളാണു വരനു വന്നതെന്നും വിളിച്ചത് കാമുകിയാണെന്നുമാണു റിപ്പോർട്ട്.
വിവാഹച്ചടങ്ങിനിടെയുള്ള വരന്റെ പിൻമാറ്റത്തിൽ രോഷാകുലരായ വധുവിന്റെ ബന്ധുക്കൾ വരന്റെ വീട്ടുകാരെ തടഞ്ഞുവച്ചു.വിവരമറിഞ്ഞ് പോലീസ് എത്തിയെങ്കിലും തങ്ങൾതന്നെ പ്രശ്നം പരിഹരിക്കുമെന്ന് ഇരുവീട്ടുകാരും പറഞ്ഞതോടെ അവർ പിൻവാങ്ങി. വധുവിന്റെ വീട്ടുകാർക്കു വിവാഹത്തിനായി ചെലവായ തുക വരന്റെ വീട്ടുകാർ തിരികെ നൽകാമെന്നു സമ്മതിച്ചെന്നും റിപ്പോർട്ടിലുണ്ട്.