കായംകുളം: കുപ്രസിദ്ധ ഗുണ്ടയും കൊലക്കേസ് പ്രതിയുമായ കായംകുളം കൃഷ്ണപുരം കാപ്പിൽ മേക്ക് ചന്ദ്രാലയം വീട്ടിൽ അമിതാഭ് ചന്ദ്രനെ (താളവട്ടം ഉണ്ണി-40) കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. ഒരു വർഷത്തേക്കാണ് കരുതൽ തടങ്കലിലാക്കിയത്.
കൃഷ്ണപുരം കാപ്പിൽ കുറ്റിപ്പുറത്ത് അമ്പാടിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് അമിതാഭ് ചന്ദ്രൻ. കൊലപാതകത്തിനു പുറമേ വ്യാജമദ്യം പിടികൂടിയതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്.
മുൻപ് 2025 ഫെബ്രുവരിയിൽ കാപ്പ നിയമപ്രകാരം ഇയാളെ ആറുമാസം കരുതൽ തടങ്കലിലാക്കിയിരുന്നു. എന്നാൽ, ശിക്ഷാ കാലാവധിക്കുശേഷം പുറത്തിറങ്ങിയ ഇയാൾ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയായിരുന്നു.
ഒടുവിലായി 2025 ഡിസംബർ 24ന് കൊല്ലം എക് സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്ക്വാഡ് കൊല്ലം ജില്ലയിലെ ഇടപ്പള്ളിക്കോട്ടയിൽനിന്ന് 11.649 ഗ്രാം മയക്കുമരുന്നുമായി ഇയാളെ പിടികൂടിയിരുന്നു.
തുടർച്ചയായി നിയമലംഘനങ്ങൾ നടത്തുന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ വീണ്ടും കർശനമായ നടപടി സ്വീകരിച്ചിരിക്കു ന്നത്.
