മങ്കൊമ്പ് : ടെൽഡർ നടപടികൾ പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും കാവാലം തട്ടാശേരി പാലത്തിന്റെ തുടർ നടപടികൾ ഇഴയുന്നു. സെപ്റ്റംബർ അവസാന വാരത്തിലാണ് കാവാലം പാലത്തിനുള്ള ടെണ്ടർ നടപടികൾ പൂർത്തായത്. നവംബർ ആരംഭത്തിൽതന്നെ കരാർ ഏറ്റെടുത്ത കമ്പനിയുടെ വിവരങ്ങളും ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. ഇതെത്തുടർന്ന് കമ്പനി അധികൃതർ സ്ഥലത്തെത്തി തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കുമുള്ള താമസസൗകര്യങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു.
തുടർന്ന് ആദ്യം കരയിലെ മണ്ണു പരിശോധനയും, കഴിഞ്ഞ മാസം ആറ്റിലെ മണ്ണു പരിശോധനയും നടത്തിയിരുന്നു. എന്നാൽ പിന്നീടുള്ള നടപടികൾ ഒന്നുംതന്നെ ആരംഭിച്ചിരുന്നില്ല. പാലത്തിനായി ഏറ്റെടുത്ത സ്ഥലത്തു നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കുന്ന ജോലികൾ ഇനിയും പൂർത്തിയായിട്ടില്ല. നേരത്തേ സർക്കാർതലത്തിൽ ഇതിനുള്ള കരാറുകാരെ തേടിയിരുന്നെങ്കിലും നടപടികളായിരുന്നില്ല.
എന്നാൽ ടെണ്ടർ നടപടികൾക്കു ശേഷം സ്ഥലത്തെത്തിയ കരാറുകാർ സ്വന്തം നിലയിൽ മരങ്ങൾ മുറിച്ചുനീക്കാമെന്നേറ്റിരുന്നു. നിർദിഷ്ട പ്രദേശത്തെ ഇലക്ട്രിപോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്ന ജോലികളും ആരംഭിച്ചിട്ടില്ല. നിർമാണ ജോലികൾ ആരംഭിക്കുന്നതിനു മുൻപായി നടത്തേണ്ട തറക്കല്ലിടീൽ എന്നു നടക്കുമെന്ന കാര്യത്തിൽ ഗ്രാമപഞ്ചായത്തധികൃതർക്കു പോലും വ്യക്തതയില്ല. ഏതാനും മാസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പു വിജ്ഞാപനം നിലവിൽവരുമെന്നതിനാൽ നാട്ടുകാരുടെ ആശങ്കകൾ വർധിക്കുകയാണ്.
ഉടനെ തറക്കല്ലിടീൽ നടക്കാത്തപക്ഷം നിർമാണ ജോലികൾ ഇനിയും അനന്തമായി നീളുമെന്നതാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്.ഇതിനിടെ കാവാലത്തിന്റെ ഇരുകരകളിലും ഗതാഗതക്കുരുക്കും വർധിക്കുകയാണ്. ജങ്കാറിൽ കയറുന്നതിനായി കാത്തുകിടക്കുന്ന വാഹനങ്ങളുടെ നിര നീളുന്നതാണ് ഗതാഗതക്കുരുക്കിനു കാരണമാകുന്നത്. ഇതേറ്റവുമധികമായി അനുഭവപ്പെുന്നത് ആറിന്റെ വടക്കേകരയിലാണ്.
ജങ്കാർ കടവിനു സമീപത്തായി തന്നെയാണ് കാവാലം ബസ്സ്റ്റാൻഡുമുള്ളത്. ജങ്കാറർകയറാൻ കാത്തുകിടക്കുന്ന വാഹനങ്ങൾ മൂലം ബസുകൾക്ക് സ്റ്റാൻഡിലേക്ക് കയറാൻ പ്രയാസമനുഭവപ്പെടുന്നു.കാൽനടയാത്രക്കാരും ഇതുമൂലം ഏറെ ദുരിതത്തിലാണ്. മറുകരയിലുള്ള തട്ടാശേരി കടവിൽ ആറ്റുതീരത്തുകൂടി ഇരു വശങ്ങളിലേക്കും റോഡുകളുണ്ട്. ഇവിടേക്കു വാഹന ഗതാഗതത്തിനും ഏറെ തടസമനുഭവപ്പെടുന്നു.
തട്ടാശേരി കടവിൽ ജങ്കാർ കടവിനോടു ചേർന്നുതന്നെയാണ് ഓട്ടോ സ്റ്റാൻഡും ഉള്ളത്. ഇതും ഗതാഗതക്കുരുക്കിനു ആക്കം കൂട്ടുന്ന നിർമാണത്തിനുള്ള തുടർ നടപടികൾ അടിയന്തരമായി പൂർത്തിയാക്കിയാലേ ദുരിതങ്ങൾക്കു പരിഹാരമാകുകയുളള്ളൂ വെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
