തിരുവനന്തപുരം: ‘കേരളാ കോണ്‍ഗ്രസില്‍ റോ ഗ്രൂപ്പില്ല. എന്റെ ജീവിതകാലത്തില്‍ ഒരിക്കലും അങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടാകില്ല.’ ഇപ്പോള്‍ പ്രചരിക്കുന്നതെല്ലാം കെട്ടുകഥയാണെന്നും മന്ത്രി റോഷി അഗസ്റ്റിന്.
ജോസ് കെ. മാണി പാലായില്‍ മത്സരിക്കണമെന്നത് എന്റെ വ്യക്തിപരമായ ആഗ്രഹമാണ്. പാലായെ അനാഥമാക്കാനാകില്ല. അവിടെയുള്ള ജനങ്ങള്‍ തെറ്റുതിരുത്താന്‍ ജോസ് കെ. മാണിക്കു വേണ്ടി വ്യഗ്രതയോടെ നില്‍ക്കുകയാണ്. ജോസ് കെ. മാണിയുമായി ഒരു തര്‍ക്കവുമില്ല. പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി പറയുന്നതാണ് പാര്‍ട്ടിയുടെ അഭിപ്രായം.
യുഡിഎഫിലേക്കു പോകുമെന്നും കേരള കോണ്‍ഗ്രസ് എമ്മിലെ ആരും പറഞ്ഞിട്ടില്ല. എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്ന് പാര്‍ട്ടി ചെയര്മാന് തന്നെ പറഞ്ഞിരുന്നു. പാലായില്‍ ജോസ് കെ. മാണി മത്സരിക്കുമെന്നും പാര്‍ട്ടി തീരുമാനിക്കുമെന്നാണ് ഞാന്‍ പറഞ്ഞത്. കെ.എം മാണിയെക്കാള്‍ കൂടുതല്‍ അപ്ഗ്രേഡായ നേതാവാണ് ജോസ് കെ. മാണി.
പാര്‍ലമെന്റിലെ ജോസ് കെ. മാണിയുടെ പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കടലിന്റെ അവകാശം കടലിന്റെ മക്കള്‍ക്കെന്ന് അദ്ദേഹം പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു. ജോസ് കെ. മാണി നയിക്കുന്ന മധ്യമേഖലയാത്രയില്‍ വലിയ ജനപങ്കാളിത്തമാണ്. കേരള കോണ്‍ഗ്രസ്-എം യുഡിഎഫിലേക്ക് പോകുമെന്ന് വിശ്വസിക്കുന്ന യുഡിഎഫ് നേതാക്കളുടെ വിശ്വാസവുമായി അവര്‍ മുന്നോട്ട് പോകട്ടെയെന്നും റോഷി അഗസ്റ്റിന് പറഞ്ഞു.ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
