കൊല്ലങ്കോട്: മീങ്കര ഡാം കാണാൻ ആണ്‍സുഹൃത്തിനൊപ്പം എത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച തമിഴ്നാട് സ്വദേശിയായ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് അറസ്റ്റുചെയ്തു.
പൊള്ളാച്ചി ആളിയാർ പന്തക്കൽ അമ്മൻപതിയിൽ ശരവണകുമാർ (35) ആണ് പിടിയിലായത്. മുതലമട നരിപ്പാറച്ചള്ളയിലെ തോട്ടത്തിൽ മേൽനോട്ട ജോലിക്കാരനാണ് ഇയാൾ. പെണ്‍കുട്ടിയേയും ആണ്‍സുഹൃത്തിനേയും ഡാമിന്റെ സുരക്ഷാജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ പരിചയപ്പെട്ടത്.
പിന്നെ ഭീഷണിപ്പെടുത്തി ആണ്‍സുഹൃത്തിനെ അകറ്റിയശേഷമാണ് പീഡനത്തിനാസ്പദമായ സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് ഡാമിൽനിന്നും മീൻപിടിക്കാനെത്തിയ ശരവണകുമാർ പെണ്‍കുട്ടിയും ആണ്‍സുഹൃത്തും സംസാരിച്ചിരിക്കുന്നത് കണ്ടു.
ഡാമിന്റെ ഷട്ടറിനരികെ ഇരുന്നു സംസാരിക്കുകയായിരുന്നു ഇരുവരും. ഈ സമയം പ്രതി ഇവരെ സുരക്ഷാജീവനക്കാരനാണെന്ന് പറഞ്ഞ് പരിചയപ്പെട്ട് സ്ഥലത്തുനിന്ന് പോകാൻ ആവശ്യപ്പെട്ടു. ഇവരുടെ മൊബൈൽ ഫോണുകളും പിടിച്ചുവാങ്ങി. പോലീസ് വരുമെന്നുപേടിപ്പിക്കുകയും ചെയ്തു. പിന്നീട് ഇവരുമായി പാപ്പാൻചള്ളയിൽ എത്തി മൊബൈൽ തിരിച്ചുനല്‍കി.
ആണ്‍സുഹൃത്തിനോട് ബൈക്കിൽ പോകാൻ ഉപദേശിച്ചശേഷം പെണ്‍കുട്ടിയെ ബസിൽ കയറ്റിവിട്ടു.തുടർന്ന് ബസിനെ പിന്തുടർന്ന് ഇയാൾ വലിയചള്ളയിൽ വച്ചു പെണ്‍കുട്ടിയെ തിരിച്ചിറക്കി. പോലീസ് പിടിക്കാതിരിക്കാൻ സുഹൃത്തിനെ സുരക്ഷിത സ്ഥലത്തേക്കു മാറ്റിയിട്ടുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ബൈക്കിൽ കയറ്റി മൊബൈൽ വാങ്ങി സ്വിച്ച് ഓഫ് ചെയ്തു.
പിന്നീട് കരടിക്കുന്നിന്റെ താഴ്ഭാഗത്തു കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണമാലയും ഉൗരിയെടുത്തു. പീഡനത്തെ എതിർത്ത പെണ്‍കുട്ടിയെ മർദിക്കുകയും ചെയ്തിരുന്നു.ശേഷം പെണ്‍കുട്ടിയെ എംപുതൂരിനടുത്ത് കനാൽ സ്റ്റോപ്പിൽ ഇയാൾതന്നെ ബൈക്കിൽ ഇറക്കിവിട്ടു. തുടർന്ന് മീങ്കര ഭാഗത്തു തന്നെ തെരയുകയായിരുന്ന ആണ്‍സുഹൃത്തിനെ പെണ്‍കുട്ടി വിളിച്ചുവരുത്തി വീട്ടിലേക്കുപോയി.
പിന്നീട് വെള്ളിയാഴ്ചയാണ് സുഹൃത്ത് മീനാക്ഷിപുരം പോലീസിൽ പരാതി നല്‍കിയത്. ഇവർ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലങ്കോട് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തിയാണ് ഇയാളെ അറസ്റ്റുചെയ്തത്.
ഇവർ നൽകിയ വിവരങ്ങൾവച്ച് പ്രതി തമിഴ്നാട് സ്വദേശിയാകാമെന്ന നിഗമനത്തിൽതന്നെയാണ് പോലീസ് അന്വേഷണം ഉൗർജിതമാക്കിയത്. തുടർന്നാണ് മണിക്കൂറുകൾക്കുള്ളിൽ ഇയാളെ വലയിലാക്കിയതും. പിടിയിലായ പ്രതി ഭാര്യയ്ക്കും മക്കൾക്കുമൊപ്പം നരിപ്പാറച്ചള്ളയിലെത്തിയിട്ട് ഒരുവർഷമായി. ഇയാൾക്കെതിരേ ആളിയാർ പോലീസ് സ്റ്റേഷനിൽ രണ്ടു മോഷണക്കേസും കൊല്ലങ്കോട് സ്റ്റേഷനിൽ ഒരു അടിപിടിക്കേസും നിലവിലുണ്ട്.