കോട്ടയം: വിവിധ ഡിപ്പോകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്ന പകുതിയിലേറെ ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ 15 വര്‍ഷത്തിലേറെ കാലപ്പഴക്കം ചെന്നത്.ജില്ലയിലെ വിവിധ ഡിപ്പോകളിലായി 18 വര്‍ഷമായി ഓട്ടത്തിലുള്ള നൂറിലേറെ കെഎസ്ആര്‍ടിസി ബസുകളുണ്ട്. കുമളി, കട്ടപ്പന ഡിപ്പോകളില്‍നിന്ന് കോട്ടയത്തേക്ക് ഓടിക്കുന്ന ചില ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറികള്‍ക്ക് 15 വര്‍ഷത്തിലേറെ കാലപ്പഴക്കമുണ്ട്.
പതിനയ്യായിരം രൂപ വരെ കളക്ഷനുള്ള ഈ ബസുകളിലും അറ്റകുറ്റപ്പണികള്‍ കണക്കാക്കിയാല്‍ സര്‍വീസ് നേട്ടമല്ല. പുതുതായി അനുവദിക്കുന്ന ബസുകള്‍ ദീര്‍ഘദൂര സ്വിഫ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം സര്‍വീസുകളാക്കി മാറ്റിയതോടെ പഴക്കം ചെന്ന ഫാസ്റ്റ് ഉള്‍പ്പെടെ ബസുകള്‍ മാറ്റാന്‍ സാഹചര്യമില്ലാതായി. കോട്ടയം, പൊന്‍കുന്നം, പാലാ, ഈരാറ്റുപേട്ട, വൈക്കം ഡിപ്പോകളില്‍ ഓടിക്കാന്‍ പറ്റാത്ത വിധം പഴകിയ ബസുകളുമുണ്ട്.
സീറ്റുകളും ടയറുകളും ഉള്‍പ്പെടെ അഴിച്ചുമാറ്റിയ ഇവ പൊളിച്ചുമാറ്റാന്‍ അനുമതി ലഭിച്ചിട്ടുമില്ല.സൂപ്പര്‍ ക്ലാസ് ബസുകളുടെ കാലപരിധി അഞ്ചു വര്‍ഷമായിരുന്നത് ഘട്ടം ഘട്ടമായി 12 വര്‍ഷമാക്കിയതോടെ പഴക്കം ചെന്ന ബസുകളാണു നിരത്തിലുള്ളത്. കണ്ടം ചെയ്യേണ്ട 1194 ബസുകളാണ് സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ കൈവശമുള്ളത്. മുന്‍പ് അഞ്ചു വര്‍ഷം പഴക്കമുള്ള ബസുകളാണ് ഫാസ്റ്റ് പാസഞ്ചറായി ഉപയോഗിച്ചിരുന്നത്.
ഇത് പിന്നീട് ഏഴ് വര്‍ഷവും ഒന്‍പതു വര്‍ഷവുമായി. നിലവില്‍ 12 വര്‍ഷം വരെയുള്ള ബസുകളാണ് ഫാസ്റ്റ് പാസഞ്ചറുകളായി ഓടുന്നതെന്നും 16 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും വിവിധ ഡിപ്പോ അധികൃതര്‍ പറയുന്നു. 2015നു ശേഷം ഇതേവരെ പുതിയ ബസുകള്‍ എത്തിയിട്ടില്ല. സ്വിഫ്റ്റ് ബസുകള്‍ മാത്രമാണ് പുതിയ ബസുകള്‍.
മിക്ക ഡിപ്പോകളിലും മെക്കാനിക്ക് സ്റ്റാഫിന്റെ എണ്ണം കുറവാണ്. ലഭിക്കുന്ന സ്പെയര്‍ പാര്‍ട്സ് ഗുണനിലവാരം കുറഞ്ഞതാണെന്നും ആക്ഷേപമുണ്ട്.കാലപ്പഴക്കം ചെന്ന ബസുകള്‍ ഒഴിവാക്കുന്നതിനായി ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ 127 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സര്‍വീസ് നടത്താന്‍ സാധിക്കാത്ത വിധം പഴകിയ ബസുകള്‍ പൊളിച്ചുവില്ക്കുമെന്നും പ്രഖ്യാപനമുണ്ട്. അങ്ങനെയെങ്കില്‍ ജില്ലയില്‍ നൂറിലേറെ ബസുകളാണ് പൊളിച്ചുമാറ്റേണ്ടത്. അറുംപഴഞ്ചന് ബസുകള്‍ മൂന്നൂറു കിലോമീറ്റർ വരെ ദിവസവും ഓടിക്കുന്ന സാഹചര്യമാണ്.
ഹൈറേഞ്ച് റൂട്ടില്‍ കാലപ്പഴക്കം ചെന്ന ബസുകള്‍ ഓടിക്കുന്നത് യാത്രക്കാര്‍ക്ക് സുരക്ഷാ ഭീഷണിയായിട്ടുണ്ട്. പാക്കേജ് ടൂറുകള്‍ക്കും സുരക്ഷിതമായ ബസുകള്‍ ഓടിക്കാന്‍ കെഎസ്ആര്‍ടിസിക്ക് സാധിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം കുട്ടിക്കാനത്ത് കൊക്കയിലേക്കു മറിഞ്ഞ ബസിന് ഒന്‍പതു വര്‍ഷം കാലപ്പഴക്കമുണ്ടായിരുന്നു. തമിഴ്നാട്ടില്‍ ഉള്‍പ്പെടെ ആയിരത്തിലധികം കിലോമീറ്റര്‍ ഓട്ടമുള്ള കെഎസ്ആര്‍ടിസി പാക്കേജ് ടൂര്‍ കഴിഞ്ഞു മടങ്ങിവരുമ്പോഴായിരുന്നു അപകടം.
