കണ്ണൂര്‍: ടി.ഐ.മധുസൂദനന് ബൂര്‍ഷ്വാ രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രതീകമെന്ന് മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ. പയ്യന്നൂർ സിപിഎമ്മിലെ രക്തസാക്ഷി ഫണ്ടുൾപ്പടെയുള്ളവയിൽ വെട്ടിപ്പ് ടി.ഐ. മധുസൂദനൻ വെട്ടിപ്പ് നടത്തിയെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കിയ വി. കുഞ്ഞികൃഷ്ണന്റെ പുറത്തിറങ്ങാനിരിക്കുന്ന “നേതൃത്വത്തെ അണികൾ തിരുത്തണമെന്ന’ പുസ്തകത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ടി.ഐ. മധുസൂദനന്റെ പേര് എടുത്ത് പറഞ്ഞു തന്നെയാണ് രൂക്ഷമായ വിമർശനം. ടി.ഐ. മധുസൂദനൻ പയ്യന്നൂരിലെ റിയൽ എസ്റ്റേറ്റ് മാഫിയയുടെ കണ്ണിയാണെന്നും കുറ്റപ്പെടുത്തുന്നു. പയ്യന്നൂരിലെ സിപിഎമ്മിൽ എങ്ങിനെയാണ് വിഭാഗീയത ഉണ്ടായതെന്നും പുസ്തകം വിശദീകരിക്കുന്നു.
2005ൽ ടി.ഐ.മധുസൂദനന് ഏരിയ സെക്രട്ടറിയായപ്പോള്‍ മുതൽ ഗ്രൂപ്പുകളെ വളര്‍ത്താനായി ആശ്രിതരെ കൂടെക്കൂട്ടിയുള്ള ശ്രമങ്ങളാംഭിച്ചതെന്നാണ് പറയുന്നത്. താന്‍ ഏരിയ കമ്മിറ്റിയിലേക്ക് വന്നപ്പോള്‍ മുതലാണ് തന്നോട് വിരോധമുണ്ടായത്. എല്ലാമറിഞ്ഞിട്ടും മധുസൂദനനെ നേതൃത്വത്തിലുള്ളവര്‍ സംരക്ഷിക്കുകയാണ് ചെയ്തത്. മധുസൂദനനും നിലവിലുള്ള ഏരിയ സെക്രട്ടറി പി.സന്തോഷും നഗരസഭാ ചെയർ പേഴ്സൺ സരിന് ശശിയും തമ്മിലുള്ള മാനസിക അകല്‍ച്ചയെ കുറിച്ചും “നേതൃത്വത്തെ അണികൾ തിരുത്തണം’ ചൂണ്ടിക്കാട്ടുന്നു.
ധനരാജ് രക്തസാക്ഷി ഫണ്ട്, ഓഫീസ് കെട്ടിട നിർമാണ ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയുടെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ പുസ്തകത്തിൽ വിശദീകരിക്കുന്നു.അതേസമയം വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രതിരോധത്തിലായ പയ്യന്നൂര്‍ സിപിഎം നേതൃത്വത്തിന്റെ വിശദീകരണത്തില്‍ തൃപ്തരാകാതെ അണികള്‍. കൃത്യമായ കണക്ക് വയ്ക്കണമെന്ന ആവശ്യങ്ങളാണ് ബ്രാഞ്ചുകളില്‍ നിന്നുയര്‍ന്നത്.
ഇതോടെ വെട്ടിലായത് നേതൃത്വമാണ്. ജില്ലാക്കമ്മിറ്റി തീരുമാനങ്ങള്‍ ലോക്കല്‍ ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച ശേഷം ഇതേപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കായി വിളിച്ച ബ്രാഞ്ച് യോഗങ്ങളിലാണ് ജില്ലാ കമ്മിറ്റിയുടെ വിശദീകരണത്തില്‍ തൃപ്തരാകാത്ത അണികള്‍ കൃത്യതയുള്ള കണക്കുകള്‍ വേണമെന്ന ആവശ്യമുന്നയിച്ചത്.
അംഗങ്ങളാവശ്യപ്പെട്ട പ്രകാരമുള്ള കണക്കുകള്‍ വെക്കാന്‍ നേതാക്കളുടെ കയ്യിലില്ലായിരുന്നു. കൂര്‍ക്കര ബ്രാഞ്ചില്‍ അംഗങ്ങളെല്ലാവരുമെത്താതിരുന്നതിനാല് ബ്രാഞ്ച് നടത്താനുമായില്ല. പാര്‍ട്ടി നേതൃത്വം നല്കുന്ന വിശദീകരണത്തേക്കാളും കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലുകളാണ് സിപിഎം അണികളിലെത്തിയതെന്ന് വെളിവാക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്.
കുഞ്ഞികൃഷ്ണന്റെ വാദങ്ങളെ പ്രതിരോധിക്കാനായി ഏരിയ കമ്മിറ്റിയിലും കണക്കുകള്‍ വിശദീകരിക്കാനായില്ല. കൃത്യതയുള്ള കണക്കുകളുടെ അഭാവമാണ് പ്രശ്നമായത്. ഫെബ്രുവരി നാലിന് കുഞ്ഞികൃഷ്ണന്റെ പുസ്തകം പുറത്തിറങ്ങുമ്പോള്‍ അതിലെ കണക്കുകളിലെ വരവുകള്‍ നോക്കി ചെലവുകണക്കുകള്‍ ഒപ്പിക്കാനുള്ള ശ്രമത്തിലാണ് സിപിഎം നേതൃത്വമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
അതേസമയം വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഞ്ഞികൃഷ്ണന് സാമ്പത്തിക തട്ടിപ്പുകള്‍ കമ്മിറ്റികളിലവതരിപ്പിച്ചപ്പോള് ഇതിനെ മറികടക്കാനായി ഒരു സഹകരണ ജീവനക്കാരന്റെ സഹായത്തോടെ കണക്കുകളൊപ്പിച്ച് അവതരിപ്പിച്ചതിന്റെ പിന്നാമ്പുറക്കഥകളും പുസ്തകത്തിലുണ്ട്.എതായാലും കഞ്ഞികൃഷ്ണന്റെ പുസ്തകത്തെ നെഞ്ചിടിപ്പോടെയാണ് നേതൃത്വം കാണുന്നതെന്നതാണ് വസ്തുത.
