രൂപത്തിലും ഭാവത്തിലും ഏവരെയും അമ്പരപ്പിച്ച് നിവിന്‍ പോളിയുടെ മൂത്തോന്‍ ! മേക്കിംഗ് വീഡിയോ വൈറലാകുന്നു

നിവിന്‍ പോളിയുടെ അമ്പരപ്പിക്കുന്ന പ്രകടനത്തിന്റെ പിന്‍ബലത്തില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍. ഇപ്പോഴിതാ ചിത്രത്തിലെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഗ്ലാമര്‍ നായകനായി വെള്ളിത്തിരയില്‍ വിലസിയിരുന്ന നിവിനെ അധോലോക നായകന്റെ വേഷത്തിലേക്ക് മാറ്റിയെടുക്കാന്‍ കുറച്ചൊന്നുമായിരുന്നില്ല കഷ്ടപ്പാട് എന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്.

ഇതില്‍ ഏറ്റവും രസകരമെന്നത് ‘ഭായി’യുടെ കാതുകുത്തലാണ്. നിവിന്റെ കാതില്‍ പണി ആരംഭിക്കുമ്പോള്‍ തന്നെ ഗീതുവിന് ആകെ അങ്കലാപ്പാണ്. ഇടയില്‍ നീറുന്ന ഭാവം നിവിന്റെ മുഖത്തും തെളിയുന്നു. ഒടുവില്‍ കാതുകുത്ത് കഴിഞ്ഞ ശേഷം അമ്പരപ്പോടെ പൊട്ടിച്ചിരിക്കുന്ന ഗീതുവിനെയും കാണാം. ചിത്രം ടൊറോന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ശേഷം മുംബൈ രാജ്യാന്തര മേളയിലും ചിത്രം പ്രേക്ഷക കയ്യടി നേടി. പിന്നീടാണ് കേരളത്തില്‍ റിലീസ് ആവുന്നത്.

ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ്. ഒരാള്‍ അയാളുടെ മൂത്ത സഹോദരനെ തേടി പോവുന്ന കഥയാണ് ചിത്രം പറയുന്നത്. ലക്ഷദ്വീപിലാണ് ഈ സിനിമ ചിത്രീകരിച്ചിരുന്നത്. വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Related posts