വിശപ്പിന്റെ വിലയായി ജീവന്‍ കൊടുക്കേണ്ടി വന്നു! പാവപ്പെട്ടവനുനേരെ മുഖം തിരിക്കുന്ന നമ്മുടെ രാക്ഷസമുഖമാണ് ഈ സംഭവത്തില്‍ തെളിഞ്ഞു കണ്ടത്; മധുവിന്റെ മരണത്തെ അപലപിച്ച് മഞ്ജു വാര്യര്‍ രംഗത്ത്

അട്ടപ്പാടി മുക്കാലിയില്‍ മര്‍ദനമേറ്റ് ആദിവാസി യുവാവ് മധു മരിച്ച സംഭവത്തെ അപലപിച്ചു നടി മഞ്ജു വാര്യര്‍ രംഗത്ത്. സ്വന്തം ഊരിലെ ആള്‍ക്കൂട്ടം നീതി നടപ്പിലാക്കിയപ്പോള്‍ വിശപ്പിന്റെ വിലയായി സ്വന്തം ജീവന്‍ കൊടുക്കേണ്ടി വന്ന യുവാവാണു മധുവെന്നു മഞ്ജു സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

അട്ടപ്പാടിയിലെ കടുകുമണ്ണ ഊരില്‍ ജനിച്ചുവളര്‍ന്ന്, തൊഴില്‍ ചെയ്തു ജീവിച്ച, എപ്പോഴോ ബോധം മറഞ്ഞുപോയ, ഒരിക്കലും ആരെയും നോവിക്കാതെ കഴിഞ്ഞുപോയ ഒരു ജീവന്‍. ഒറ്റ വരിയില്‍ പറഞ്ഞാല്‍ അതായിരുന്നില്ലേ മധു. കാട്ടില്‍ കഴിക്കാന്‍ ഒന്നുമില്ലാതെ വരുമ്പോള്‍ നാട്ടിലേക്കുവന്നു വിശപ്പടക്കാന്‍ വഴി തേടിയ ഒരാള്‍. സ്വന്തം ഊരിലെ ആള്‍ക്കൂട്ടം നീതി നടപ്പിലാക്കിയപ്പോള്‍ വിശപ്പിന്റെ വിലയായി സ്വന്തം ജീവന്‍ കൊടുക്കേണ്ടി വന്ന യുവാവ്.

മധുവിനു മുന്നില്‍ വീണ്ടും നമ്മുടെ കരുണയില്ലാത്ത മുഖം തെളിഞ്ഞു കണ്ടു. തിരിച്ചടിക്കാന്‍ ശേഷിയില്ലാത്തവര്‍ക്കും പാവപ്പെട്ടവര്‍ക്കും വിശക്കുന്നവര്‍ക്കും എതിരെ ക്രൂരമായി മുഖം തിരിക്കുന്ന നമ്മളില്‍ കുറച്ചുപേരുടെയെങ്കിലും രാക്ഷസ മുഖം. ആള്‍ക്കൂട്ടത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ സ്ഥലമല്ല കേരളം എന്നു വിചാരിച്ചിരുന്ന കാലം മുമ്പുണ്ടായിരുന്നു. മധുവിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. അദ്ദേഹത്തിനു മരണാനന്തരമെങ്കിലും നീതി ലഭിക്കും എന്നു പ്രതീക്ഷിക്കുന്നു.

Related posts