മാവേലിക്കര: മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം. മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പതിവ് ചെക്കപ്പിനായി എത്തിയതായിരുന്നു. 1991 മുതല്‍ തുടര്‍ച്ചയായി നാലു തവണ മാവേലിക്കര നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിച്ചു.
1972 മുതല്‍ 1977 വരെ കെഎസ് യു ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും ആയിരുന്നു. 1978ല്‍ കെ എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റും 1979ല്‍ ജനറല്‍ സെക്രട്ടറിയും 1980ല്‍ സംസ്ഥാന പ്രസിഡന്റുമായി. 1991ല്‍ മാവേലിക്കര നിയമ സഭ മണ്ഡലത്തില്‍ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു. സിപിഎമ്മിന്റെ എസ്.ഗോവിന്ദകുറുപ്പിനെയാണ് അന്ന് എം.മുരളി പരാജയപ്പെടുത്തിയത്.
2011വരെ മണ്ഡലം നിലനിര്‍ത്തി. 2011ല്‍ കായംകുളം സീറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടു. എം.ജി.സര്‍വ്വകലാശാലയുടെ ആദ്യ സെനറ്റംഗവും കെ.എസ്ഇബിയുടെ കണ്‍സള്‍ട്ടീവ് കമ്മറ്റി അംഗവുമായിരുന്നു. കെ.എസ്.എഫ്.ഇ ബോര്‍ഡ് ഡയറക്ടറായും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗമായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
മലയാള സര്‍വ്വകലാശാലയെന്ന ആശയവും ആദ്യം സ്വകാര്യ ബില്ലായി നിയമ സഭയില്‍ കൊണ്ടുവന്നത് എം.മുരളിയായിരുന്നു. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് മാതൃകയില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ആരംഭിക്കണമെന്ന ആശയവും നിയമസഭയില്‍ മുന്നോട്ടുവച്ചിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കുള്ള പെന്ഷന്, വൃദ്ധജന കമ്മീഷന് എന്നീ ബില്ലുകളും അദ്ദേഹത്തിന്റേതായിരുന്നു. നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ബില്ലുകള്‍ക്ക് അവതരണാനുമതി തേടി പ്രമേയം അവതരിപ്പിച്ച എംഎല്‍എ കൂടിയാണ്. മാവേലിക്കര ചെറുകോല്‍ സ്വദേശിയായ അദ്ദേഹം അഭിഭാഷകന് കൂടിയായിരുന്നു. കെ.എസ്. രമാദേവിയാണ് ഭാര്യ; മൂന്ന് മക്കൾ.
